'ഇങ്ങനെയൊരു പ്രമേയം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ധൈര്യപൂര്‍വം മലയാളത്തില്‍ അവതരിപ്പിക്കുന്നത്'- 'മോണ്‍സ്റ്ററി'ന്റെ വിശേഷങ്ങളുമായി മോഹൻലാല്‍.

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പുലിമുരുകനു' ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. 'പുലിമുരുകന്റെ' രചയിതാവ് ഉദയകൃഷ്‍ണ തന്നെയാണ് 'മോണ്‍സ്റ്ററി'ന്റെ തിരക്കഥാകൃത്തും. ഒക്ടോബര്‍ 21ന് റിലീസ് ചെയ്യാനിരിക്കുന്ന 'മോണ്‍സ്റ്റര്‍' ഒരുപാട് സവിശേഷതകളുള്ള സിനിമയാണ് എന്ന് മോഹൻലാല്‍ പറയുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഒരു നടൻ എന്ന നിലയില്‍ ഒരുപാട് സവിശേഷതകളുള്ള ചിത്രമാണ് 'മോണ്‍സ്റ്റര്‍'. ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ.. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം. തിരക്കഥ തന്നെയാണ് നായകൻ, തിരക്കഥ തന്നെയാണ് വില്ലൻ. വളരെ അപൂര്‍വമാണ് ഒരു നടനെന്ന നിലയില്‍ ഇത്തരം സിനിമകള്‍ അഭിനയിക്കാൻ സാധിക്കുന്നത്. വളരെയധികം സന്തോഷവാനാണ് ഈ സിനിമയില്‍ അഭിനയിച്ചത് എന്നും ഫേസ്‍ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ മോഹൻലാല്‍ പറയുന്നു.

ജീത്തു ജോസഫിന്റെ ചിത്രമായ 'റാമി'ല്‍ ആണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 'റാമി'ന്റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹൻലാല്‍ ഇന്ന് ചെന്നൈയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോയിലാണ് ഇനി ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് പ്ലാൻ ചെയ്‍തിരിക്കുന്നത്. തൃഷയാണ് 'റാം' എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്.

ജീത്തു ജോസഫും മോഹൻലാലും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ട്വല്‍ത്ത് മാൻ' വലിയ രീതിയില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് 'ട്വല്‍ത്ത് മാൻ' സംവിധാനം ചെയ്‍തത്. ഒരു മിസ്‍റ്ററി ത്രില്ലര്‍ ചിത്രമായിരുന്നു 'ട്വല്‍ത്ത് മാൻ'. ഡയറക്ട് ഒടിടി റിലീസ് ആയിരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

അനുശ്രീ, അദിതി രവി, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രാജീവ് കോവിലകം ആയിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തു ആയിരുന്നു ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. 'ബറോസ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചിരുന്നു.

Read More: എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ കാര്‍ത്തിയും