അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു; ഇതിന്റെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. അതോടൊപ്പം, തരുൺ മൂർത്തിയുടെ 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി മോഹൻലാൽ. ബിനു ജോർജ് അലക്‌സാണ്ടറും ആശിർവാദ് സിനിമാസുമാണ് ചിത്രം നിർമ്മിക്കുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്‌ബുക്കിലൂടെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ജോസഫുമായി പുതിയ ചിത്രം വരുന്നുണ്ടെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. മോഹൻലാലും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തിയിട്ടുണ്ട്.
അതേസമയം തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരമാണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അതിമനോഹരം ഡിസംബറിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തുടരും എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ട് ഒന്നിക്കുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ ഒന്നടങ്കം.
മീര ജാസ്മിൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്തത്തിൽ മോഹൻലാൽ എത്തുന്നതെന്ന് പ്രത്യേകതയും അതിമനോഹരത്തിനുണ്ട്. ശബരിമലയിൽ പോകുന്ന ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജൻ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം തന്നെ വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു.



