ഭ്രമയുഗത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വേറിട്ട് നിര്‍ത്തിയ ഘടകങ്ങളിലൊന്ന് അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയാണ് എന്നതായിരുന്നു 

മലയാള സിനിമയിൽ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റുകളിലൊന്നാണ് മമ്മൂട്ടി നായകനായ ഭ്രമയുഗം. ഭൂതകാലമെന്ന ചിത്രത്തിലൂടെ നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതുവരെ അവതരിപ്പിക്കാത്ത ഒരു വേഷത്തിലും ഭാവത്തിലും മമ്മൂട്ടി എത്തുന്ന ചിത്രം എന്നതിനൊപ്പം ഭ്രമയുഗത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വേറിട്ട് നിര്‍ത്തിയത് അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച സിനിമയാണ് എന്നതായിരുന്നു. മലയാളികളെ സംബന്ധിച്ച് പുതുകാലത്തെ ആദ്യാനുഭവമാണ് ഇത്. എന്നാല്‍ മമ്മൂട്ടിക്ക് മുന്‍പുതന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോര്‍മാറ്റില്‍ മറ്റൊരു സൂപ്പര്‍താരവും ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാല്‍ ആണ് അത്.

നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രമാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്. എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത് 1960ല്‍ പുറത്തെത്തിയ ഓളവും തീരവുമാണ് അതേ പേരില്‍ റീമേക്ക് ചെയ്യപ്പെടുന്നത്. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ആന്തോളജിയുടെ ഭാഗമാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രവും. 2022 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണിത്. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ചിത്രീകരിച്ചിരിക്കുന്നത് സന്തോഷ് ശിവന്‍ ആണ്. കലാസംവിധാനം സാബു സിറിള്‍.

ഒറിജിനല്‍ ഓളവും തീരത്തില്‍ മധു അവതരിപ്പിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഉഷാനന്ദിനി അവതരിപ്പിച്ച നായികാവേഷത്തില്‍ എത്തുന്നത് ദുര്‍ഗാകൃഷ്ണയാണ്. ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രം കുഞ്ഞാലിയായി എത്തുന്നത് ഹരീഷ് പേരടിയും. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ ആന്തോളജിയിലെ മറ്റ് പല സിനിമകളുടെയും ചിത്രീകരണവും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് സംബന്ധിച്ച ഔഫിഷ്യല്‍ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. 

ALSO READ : ലാസ് വേ​ഗാസില്‍ ആരാധകര്‍ക്കൊപ്പം രസനിമിഷങ്ങളുമായി മോഹന്‍ലാല്‍; വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം