ഹൗ ഈസ് ദ ജോഷ് എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു
കൊച്ചി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് മോഹൻലാൽ. മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച മോഹൻലാൽ ഹൗ ഈസ് ദ ജോഷ് എന്ന സർജിക്കൽ സ്ട്രൈക്ക് സിനിമയിലെ ഡയലോഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ സ്ട്രൈക് ബാക്ക്, ജയ് ഹിന്ദ് തുടങ്ങിയ ഹാഷ്ടാഗുകളോടൊപ്പമാണ് ഹൗ ഈസ് ദ് ജോഷ് എന്ന വാചകം മോഹൻലാൽ ട്വീറ്റ് ചെയ്തത്.
അതേ സമയം ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദി താരങ്ങള്‍. ഇന്ത്യൻ എയര്‍ഫോഴ്‍സിന് സല്യൂട്ട് എന്നാണ് അജയ് ദേവ്ഗണ്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. നമ്മുടെ ശത്രുവിന്റെ ഹൃദയത്തില്‍ കടന്ന് ആക്രമണം നടത്തിയതിന് ഇന്ത്യൻ എയര്‍ഫോഴ്സിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറയുന്നു. മല്ലിക ഷെരാവത്ത് ഭാരത് മാതാ കീ ജയ് എന്നാണ് എഴുതിയിരിക്കുന്നത്. അഭിഷേക് ബച്ചനും സൈന്യത്തിന് ആദരവ് അര്‍പ്പിച്ച് രംഗത്ത് എത്തി.
സംഭവത്തില്‍ സൈന്യത്തെ അഭിനന്ദിച്ച് സുരേഷ് ഗോപി രംഗത്ത് എത്തി. പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?- സുരേഷ് ഗോപി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
