തമിഴക വെട്രി കഴകം പ്രസിഡന്‍റ് വിജയ്‍യുടെ കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്‍റും ചലച്ചിത്ര താരവുമായ വിജയ്‍യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. “കരൂര്‍ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ ഹൃദയത്തില്‍ തൊട്ട പ്രാര്‍ഥന. പരിക്കേറ്റവര്‍ക്ക് വേ​ഗത്തില്‍ സുഖം പ്രാപിക്കാനുള്ള കരുത്ത് ഉണ്ടാവട്ടെ”, മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയ സംസ്ഥാന പര്യടനത്തിന്‍റെ ഭാ​ഗമായാണ് ഇന്നലെ കരൂരിലെ റാലി നടന്നത്. പ്രതീക്ഷിച്ചതിലേറെ ആളുകള്‍ തിങ്ങിക്കൂടിയതാണ് ദുരന്തമുണ്ടാവാന്‍ കാരണം. പതിനായിരം പേരുണ്ടാകുമെന്നാണ് ടിവികെ ഭാരവാഹികള്‍ അറിയിച്ചിരുന്നതെന്നാണ് പൊലീസ് ഭാഷ്യം. 15000 മുതൽ 20000 പേരെയാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചിരുന്നുവെന്നും ഇത്തരം റാലികള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷയും പൊലീസ് ഒരുക്കിയിരുന്നുവെന്നും തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 25000 മുതൽ 30000ത്തിനടുത്ത് ആളുകള്‍ എത്തിയെന്നാണ് കണക്കുകൂട്ടുന്നത്. നീണ്ടുകിടക്കുന്ന റോഡിലാണ് റാലി നടന്നത്. ആളുകള്‍ വിജയിയുടെ വാഹനം പിന്തുടരുന്നത് തിക്കും തിരക്കും കൂടാൻ കാരണമായി. ആളുകള്‍ സ്ഥലത്ത് നിന്ന് പോകാതെ മുന്നോട്ട് നീങ്ങിയതും പ്രശ്നമുണ്ടാക്കി, എഡിജിപി പറഞ്ഞിരുന്നു.

‌അതേസമയം സംഭവത്തില്‍ പരിക്കേറ്റ 111 പേർ ചികിത്സയിൽ കഴിയുകയാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ദുരന്തത്തെ തുടര്‍ന്ന് വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചിരുന്നു. അടുത്തയാഴ്ച കോയമ്പത്തൂര്‍, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനാണ് വിജയ് നിര്‍ത്തിവെച്ചത്. വെല്ലൂരും റാണിപേട്ടുമാണ് ഒക്ടോബര്‍ അഞ്ചിന് റാലി തീരുമാനിച്ചിരുന്നത്. ഇത് ഉള്‍പ്പെടെയാണ് നിര്‍ത്തിവെച്ചത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്‍യുടെ പര്യടനം ബാക്കിയുള്ളത്. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു.

തിങ്കളാഴ്ച കോടതി കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് ടിവികെ വൃത്തങ്ങൾ. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചത്. സഹായധനം ജീവൻ നഷ്ടമായതിന് പരിഹാരമല്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു. വിജയ്‌യുടെ സംസ്ഥാന പര്യടനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുണ്ട്. ടിവികെ സമ്മേളനത്തിനിടെ പരിക്കേറ്റ കണ്ണൻ എന്നയാളാണ് ഹർജിക്കാരൻ.

Asianet News Live | Malayalam News Live | Kerala News | Breaking News Live | Actor Vijay Rally | TVK