രു കാലത്ത് മലയാള സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ താരജോഡികളാണ് മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തി. തങ്ങളുടെ അഭിനയമികവിലൂടെ ഒരു പിടി നല്ലകഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിക്കാനും ഇരുവർക്കും സാധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചതാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്‌.

‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ​ഗാനത്തിനൊപ്പമാണ് മോഹൻലാലും മേനകയും ചുവടുവച്ചത്. ഇരുവരുടെയും നൃത്ത രം​ഗങ്ങൾ നടി സുഹാസിനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്ക് വേണ്ടിയുള്ള റിഹേഴ്‌സൽ വീഡിയോ ആണിത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

ഇത്തവണത്തെ 80's റീയൂണിയന്‍ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ് നടന്നത്. എണ്‍പതുകളില്‍ സിനിമയിലെത്തി ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്ത് ശോഭിച്ചിരുന്ന നായികാ നായകന്‍മാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷമാണ് ഇത്തരത്തില്‍ ഒത്തുചേര്‍ന്ന് സൗഹൃദം പുതുക്കുന്നത്. 'ക്ലാസ് ഓഫ് 80 സ്' എന്നാണ് ഇത്തവണത്തെ റീയൂണിയന്‍റെ പേര്. കറുപ്പും ഗോള്‍ഡന്‍ നിറവുമായിരുന്നു ഡ്രസ് കോഡ്. ചിരഞ്ജീവി തന്നെയായിരുന്നു പരിപാടിയുടെ അവതാരകന്‍.