ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണും മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചു. രജനികാന്തിനോടുള്ള സ്നേഹത്താല്‍ കഥ പോലും കേള്‍ക്കാതെയാണ് മോഹന്‍ലാല്‍ ജയിലറില്‍ അഭിനയിക്കാനെത്തിയത് എന്നാണ് നെല്‍സണ്‍ പറയുന്നത്
ചെന്നൈ: ജയിലര്‍ ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനെ പുകഴ്ത്തി രജനികാന്ത്. ഇന്നലെയാണ് ചെന്നൈയില്‍ ജയിലര്‍ ഓഡിയോ ലോഞ്ച് നടന്നത്. ഇതില്‍ മോഹന്‍ലാലിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തന്‍റെ പ്രസംഗത്തില്‍ ജയിലര്‍ നായകനായ രജനികാന്ത് മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പറഞ്ഞത്.
"എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. എന്നെ അദ്ഭുതപ്പെടുത്തി അദ്ദേഹം" എന്നാണ് മോഹന്‍ലാലിനെക്കുറിച്ച് രജനി പറഞ്ഞത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ഇതിന് മുന്നോടിയായാണ് ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചത്.
ജയിലര്‍ സിനിമയുടെ സംവിധായകന്‍ നെല്‍സണും മോഹന്‍ലാലിനെക്കുറിച്ച് സംസാരിച്ചു. രജനികാന്തിനോടുള്ള സ്നേഹത്താല്‍ കഥ പോലും കേള്‍ക്കാതെയാണ് മോഹന്‍ലാല്‍ ജയിലറില്‍ അഭിനയിക്കാനെത്തിയത് എന്നാണ് നെല്‍സണ്‍ പറയുന്നത്. " എന്നെ നേരിട്ട് വിളിച്ചാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ സാര്‍ പറഞ്ഞത്. കഥയുടെ മേന്‍മയല്ല രജനി സാറിനോടുള്ള ഇഷ്ടമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനാല്‍ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഉറപ്പിച്ചു. ലാല്‍ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം" - നെല്‍സണ്‍ പറഞ്ഞു.
രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ.
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പുറമേ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം ചിത്രത്തെ ആകര്‍ഷകമാക്കും. ഒപ്പം തന്നെ എന്താണ് ജയിലറില്‍ എന്ന ആകാംക്ഷയും വര്‍ദ്ധിപ്പിക്കും. നേരത്തെ ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വെബ്സൈറ്റില്‍ ജയിലറിന്‍റെ കഥാസംഗ്രഹം ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. അത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.
അത് ഇപ്രകാരമായിരുന്നു- ജയിലിലെ മറ്റുള്ളവര്‍ ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന സമയത്ത് ഒരു സംഘം തങ്ങളുടെ നേതാവിനെ അവിടെനിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് അവര്‍ എല്ലാവരെയും തടയാനായി ജയിലര്‍ എത്തുന്നു, എന്നായിരുന്നു സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥാസംഗ്രഹം. ഇത് പിന്നീട് വൈറലായപ്പോള്‍ നീക്കം ചെയ്തിരുന്നു.
'ജയിലർ' പാൻ ഇന്ത്യനല്ല, രജനി ആരാധകരെ തൃപ്തിപ്പെടുത്തും: തമന്ന
