വീട്ടിലെ ഓമന മൃഗങ്ങള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള മോഹൻലാലിനെ ക്യാരിക്കേച്ചറിന്റെ വീഡിയോ.

മോഹൻലാലും ഓമന മൃഗങ്ങളും ഒന്നിച്ചുള്ള ക്യാരിക്കേച്ചര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ക്യാരിക്കേച്ചര്‍ മനോഹരമായ ഒരു ഡോക്യുമെന്ററിയിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. മോഹൻലാല്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളാണ് മോഹൻലാലിനൊപ്പം ക്യാരിക്കേച്ചറില്‍ ഇടംപിടിച്ചിരിക്കുന്നത്.

പ്രശസ്‍ത തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് മോഹൻലാലിന്റെ ക്യാരിക്കേച്ചര്‍ വരച്ചിരിക്കുന്നത്. ക്യാരിക്കേച്ചര്‍ വരച്ചതിന് സുരേഷ് ബാബുവിന് മോഹൻലാല്‍ നന്ദി പറഞ്ഞാണ് വീഡിയോ തുടക്കമാകുന്നത്. സുരേഷ് ബാബുവിന് ഒരുപാട് നന്ദി. എനിക്ക് വേണ്ടി നൂറൊന്നുമല്ല, അതില്‍ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും വളര്‍ത്ത് മൃഗങ്ങളും. ഇതില്‍ ഒരാള്‍ വരാനുണ്ട് എന്നും മോഹൻലാല്‍ പറയുന്നു. പൂച്ചയെ കുറിച്ചാണ് മോഹൻലാല്‍ പറയുന്നത്. അത് സുരേഷ് ബാബു വരച്ചുതരും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മോഹൻലാല്‍ തുടക്കത്തില്‍ പറയുന്നു. പിന്നീട് സുരേഷ് ബാബുവിന്റെ ശബ്‍ദത്തിലാണ് ഡോക്യുമെന്ററി പുരോഗമിക്കുന്നത്. സഹ ജീവികളോടുള്ള മോഹൻലാലിന്റെ കരുതല്‍ സുരേഷ് ബാബു പരാമര്‍ശിക്കുന്നു. ഒടുവില്‍ മനോഹരമായ ക്യാരിക്കേച്ചര്‍ വരച്ചുപൂര്‍ത്തിയാക്കുകയും ചെയ്യുന്നത്. ജനത മോഷൻ പിക്ചര്‍ ആണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്. 'മോഹൻലാല്‍' ഒരു ആവാസ വ്യൂഹം എന്ന ഡോക്യുമെന്ററിയുടെ ആശയം സുരേഷ് ബാബുവിന്റേതാണ്.

'റാം' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഇത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്നുവന്ന പ്രഖ്യാപനവും അടുത്തിടെ നടന്നിരുന്നു. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ മോഹൻലാല്‍ ഗുസ്‍തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More: അമലാ പോള്‍ നായികയായി 'ദ ടീച്ചര്‍', ഗാനം പുറത്ത്