'ലിയോ' ആദ്യ ഷോ എപ്പോള്‍ തുടങ്ങാം? സമയം വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍
ഈ വര്‍ഷം ജനുവരിയിലാണ് റിലീസ് ദിനം പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ തമിഴ്നാട്ടില്‍ അവസാനിപ്പിച്ചത്

വിജയ് ചിത്രം ലിയോയുടെ ആദ്യ ദിനങ്ങളിലെ തമിഴ്നാട്ടിലെ സ്പെഷല്‍ ഷോകളുടെ സമയക്രമത്തിലെ തീരുമാനം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. റിലീസ് ദിനത്തില്‍ (ഒക്ടോബര്‍ 19) പുലര്‍ച്ചെ നാലിനും 9 നുമായി രണ്ട് സ്പെഷല്‍ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ 7 ന് ഒരു സ്പെഷല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് സര്‍ക്കാരിനെ സമീപിച്ചത്. ഇതില്‍ റിലീസ് ദിവസം ഉള്‍പ്പെടെ ഒരു സ്പെഷല്‍ ഷോയും ചേര്‍ത്ത് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതി നല്‍കിക്കൊണ്ട് രണ്ട് ദിവസം മുന്‍പ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ അനുവദിച്ചിരിക്കുന്ന സ്പെഷല്‍ ഷോയുടെ സമയം ഉത്തരവില്‍ ഉണ്ടായിരുന്നില്ല. ഇത് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.
ആദ്യ ഷോ രാവിലെ 9 ന് മാത്രമേ ആരംഭിക്കാവൂയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. രാവിലെ 9 മണിയോടെ ആരംഭിക്കുന്ന അഞ്ച് പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 1.30 ന് അകം അവസാനിപ്പിക്കണം. ഇതോടെ റിലീസ് ദിവസം പുലര്‍ച്ചെ ചിത്രം കാണാമെന്ന തമിഴ്നാട്ടിലെ വിജയ് ആരാധകരുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്.
സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് ദിവസം മുന്‍പ് തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ നടന്ന് വന്നിരുന്നതാണ്. ഈ വര്‍ഷം ജനുവരിയില്‍ അജിത്ത് ചിത്രം തുനിവിന്‍റെ റിലീസ് ദിവസം ചെന്നൈയിലെ തിയറ്ററിന് മുന്നില്‍ ഒരു ആരാധകന്‍ മരിച്ചിരുന്നു. അതിനു പിന്നാലെയാണ് ആരാധകരുടെ അമിതാവേശം ഉണ്ടാവാറുള്ള റിലീസ് ദിനത്തിലെ പുലര്‍ച്ചെയുള്ള സ്പെഷല്‍ ഷോകള്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ത്തിയത്. അതേസമയം കോളിവുഡില്‍ നിന്ന് ഈ വര്‍ഷമെത്തുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക