മോഹൻലാലും കെപിഎസി ലളിതയും ഒന്നിച്ച് അഭിനയിച്ച രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത (KPAC Lalitha) വിടവാങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കെപിഎസി ലളിതയുടെ മരണം സംഭവിച്ചത്. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ കെപിഎസി ലളിതയെ കാണാൻ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ലെന്ന് നടൻ മോഹൻലാല്‍ എഴുതുന്നു.

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്‍നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‍നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്‍ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാഷ്‍ടം തന്നെയാണ്. പ്രണാമം ചേച്ചീ എന്നുമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തൃശ്ശൂരിലും സം​ഗീതനാടക അക്കാദമി ഹാളിലും പൊതുദർശനമുണ്ടാകും. വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിൽ സംസ്‍കാരം നടക്കും.

മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് കെപിഎസി ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്.

Read More : അഭിനയത്തിലെ 'ലളിത ടച്ച്'; മറക്കാനാവാത്ത കഥാപാത്രങ്ങള്‍

മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്. കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി.കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.