ഹിന്ദി നടൻ സഞ്‍ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാല്‍. മോഹൻലാലും സഞ്‍ജയ് ദത്തും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ മുമ്പും ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. ക്യാൻസര്‍ രോഗത്തെ അതിജീവിച്ച സഞ്‍ജയ് ദത്തിന് ആശംസകള്‍ നേരുന്ന മോഹൻലാലിന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിട്ടില്ല. സഞ്‍ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെയും മറ്റൊരു ചിത്രത്തില്‍ കാണാം.

സഞ്‍ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹൻലാല്‍. ദുബായ്‍യില്‍ സഞ്‍ജയ് ദത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷത്തിന് മോഹൻലാല്‍ എത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ്, സഞ്‍ജയ് ദത്ത് താൻ ക്യാൻസര്‍ ബാധിതനാണ് എന്ന കാര്യം വ്യക്തമാക്കിയത്. ചികിത്സയ്‍ക്ക് പോകുന്ന കാര്യവും സഞ്‍ജയ് ദത്ത് വ്യക്തമാക്കി. സഞ്‍ജയ് ദത്തിന് ക്യാൻസര്‍ ബാധിച്ചുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മുംബൈ കോകിലാബെൻ ആശുപത്രിയില്‍ ചികിത്സ തേടിയ സഞ്‍ജയ് ദത്ത് താൻ ക്യാൻസര്‍ രോഗ വിമുക്തനായ കാര്യം അടുത്തിടെ പങ്കുവെച്ചത് ആരാധകര്‍ക്ക് ആശ്വാസമായിരുന്നു.

ഇപ്പോള്‍ അര്‍ബുദ രോഗ വിമുക്തനായ സഞ്‍ജയ് ദത്തിനെ മോഹൻലാലിനൊപ്പവും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ പുതിയ സിനിമ.