ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃശ്യം 2' പാക്കപ്പ് ആയതിനു പിന്നാലെ അവധിദിനങ്ങള്‍ ചിലവഴിക്കാന്‍ മോഹന്‍ലാല്‍ ദുബൈയില്‍. എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും ദുബൈയില്‍ എത്തുന്നത്. അടുത്ത സുഹൃത്ത് സമീര്‍ ഹംസയും ഒപ്പമുണ്ട്.

സെപ്റ്റംബര്‍ 21ന് കൊച്ചിയില്‍ ആരംഭിച്ച ചിത്രീകരണം പത്ത് ദിവസത്തിനു ശേഷം തൊടുപുഴയിലേക്ക് ഷിഫ്റ്റ് ചെയ്യുകയായിരുന്നു. 'ദൃശ്യ'ത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം ജോര്‍ജുകുട്ടിയുടെ വീടായിരുന്ന തൊടുപുഴ വഴിത്തലയിലെ മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീട് ആയിരുന്നു ഇത്തവണത്തെ പ്രധാന ലൊക്കേഷന്‍. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ജീത്തു ജോസഫ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

56 ദിവസം എന്ന് പ്ലാന്‍ ചെയ്തിരുന്ന ഷൂട്ടിംഗ് പ്രതീക്ഷിച്ചതിലും നേരത്തെ 46 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കാനായതിന്‍റെ സന്തോഷം ജീത്തു ജോസഫ് പങ്കുവച്ചിരുന്നു. 'ദൃശ്യം' ആദ്യ ഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ പുതിയ കഥാപാത്രങ്ങളുമുണ്ട്. ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ എന്നിവരൊക്കെ രണ്ടാംഭാഗത്തിലുണ്ട്.

അതേസമയം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാലിന് ഇനി അഭിനയിക്കാനുള്ളത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണു നായിക. സായ് കുമാര്‍, സിദ്ദിഖ്, അശ്വിന്‍ കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പാലക്കാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ഈ മാസം പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു.