"കിലുക്കം 25" എന്ന് പേരിട്ടിരിക്കുന്ന അമേരിക്കന്‍ പര്യടനത്തിനിടെ മോഹന്‍ലാല്‍ ആലപിച്ച ഒരു കന്നഡ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു
കിലുക്കം 25 എന്ന് പേരിട്ട അമേരിക്കന്‍ പര്യടനത്തിലാണ് മോഹന്‍ലാലും സംഘവും ഇപ്പോള്‍. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ കിലുക്കത്തിന്‍റെ 25-ാം വര്‍ഷത്തില്‍ നടക്കുന്ന ഷോ ആയതിനാലാണ് പരിപാടിക്ക് കിലുക്കം 25 എന്ന് പേരിട്ടിരിക്കുന്നത്. ഹൂസ്റ്റണ്‍, ടെംപ, ഡെട്രോയിറ്റ്, ന്യൂജഴ്സി എന്നിവിടങ്ങളിലായാണ് ഷോ നടക്കുന്നത്. ഇതില്‍ ഹൂസ്റ്റണിലെയും ടെംപയിലെയും പരിപാടികള്‍ ഇതിനകം നടന്നു. ഡെട്രോയിറ്റിലെ ഷോ ഇന്നാണ്. ഇപ്പോഴിതാ കഴിഞ്ഞ സ്റ്റേജില്‍ മോഹന്‍ലാല്‍ ആലപിച്ച ഒരു കന്നഡ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കന്നഡ സിനിമാപ്രേമികളാണ് ഇത് ആവേശത്തോടെ ഷെയര്‍ ചെയ്യുന്നത്.
കന്നഡക്കാര്‍ ഏറെ ബഹുമാനത്തോടെ കാണുന്ന ഇതിഹാസ താരം ഡോ. രാജ്കുമാര്‍ അഭിനയിച്ച് 1974 ല്‍ പുറത്തെത്തിയ ഇരട് കനസു എന്ന ചിത്രത്തിലെ ഗാനമാണ് മോഹന്‍ലാല്‍ യുഎസിലെ വേദിയില്‍ ആലപിച്ചത്. എണ്ടെണ്ടു നിന്നനു മതെതു എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. കര്‍ണാടകയില്‍ തലമുറകള്‍ക്കിപ്പുറവും ഏറെ ആരാധകരുള്ള ഗാനമാണ് ഇത്. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ കന്നഡ ടെലിവിഷന്‍ ചാനലുകള്‍ അടക്കം തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഇത് പങ്കുവച്ചിട്ടുണ്ട്.
അതേസമയം മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്, ഡോ. രാജ്കുമാറിന്‍റെ മകനും ജയിലര്‍ 2 ല്‍ മോഹന്‍ലാലിന്‍റെ സഹതാരവുമായ ശിവ രാജ്കുമാറിനൊപ്പം ജയിലര്‍ 2 ലെ ഗെറ്റപ്പില്‍ ഇരിക്കുന്ന മോഹന്‍ലാലിന്‍റെ വീഡിയോ ആണ് ഇത്. ഇതേ ഗാനം മോഹന്‍ലാല്‍ ആലപിച്ചത് ഫോണില്‍ കാണുന്ന ശിവ രാജ്കുമാറിനെ വീഡിയോയില്‍ കാണാം. അമേരിക്കന്‍ ഷോയ്ക്ക് മുന്‍പ് ഗാനത്തിന്‍റെ കന്നഡ ഉച്ചാരണം ശരിയാണോ എന്ന് പരിശോധിക്കുകയാണ് മോഹന്‍ലാല്‍ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ പലരും കുറിക്കുന്നത്. ജയിലര്‍ 2 ലെ തന്‍റെ ഭാഗം മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയതായി ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
2023 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ജയിലറിന്‍റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. രജനികാന്തിന്‍റെ താരമൂല്യത്തെ കാലത്തിന് ചേരുന്നവിധം അവതരിപ്പിച്ച സമീപ വര്‍ഷങ്ങളിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നായിരുന്നു ജയിലര്‍. രജനികാന്ത് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു. മാത്യു എന്നാണ് ജയിലറിനെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. മോഹന്‍ലാലും ശിവ രാജ്കുമാറും അടക്കമുള്ളവര്‍ ചിത്രത്തിലെ അതിഥി താരങ്ങള്‍ ആയിരുന്നു.

