2015ലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കുന്നത്.
നടന് മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍റെ(ViswaSanthi Foundation) 'ശാന്തിഭവനം' പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു. ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച അജ്‌ന ജോസിന്റെ കുടുംബത്തിനാണ് പദ്ധതിയുടെ വീട് കൈമാറിയത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷം അറിയിച്ചത്.
അജ്‌നയെ തങ്ങളുടെ പ്രാർത്ഥനകളിൽ എപ്പോഴും ഓർക്കുമെന്നും മോഹൻലാൽ പറഞ്ഞു. സമൂഹത്തിലെ നിർദ്ധനരായവർക്ക് ഗുണമേന്മയുള്ള വീട് നൽകാനുള്ള വിശ്വശാന്തിയുടെ സംരംഭമാണ് 'ശാന്തിഭവനം'. ഇത് സാധ്യമാക്കാൻ ഞങ്ങളോടൊപ്പം പ്രവർത്തിച്ചതിന് 'ലാൽ കെയേഴ്‌സ് കുവൈറ്റി'ന് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഈ പദ്ധതിയിലൂടെ, ആവശ്യക്കാരായ കൂടുതൽ പേരെ സഹായിക്കാൻ ശ്രമിക്കുമെന്നും നടൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ സജീവ ഇടപെടലുകളുമായി രംഗത്തുണ്ടായിരുന്നു. സർക്കാർ -സ്വകാര്യ, കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്സിജൻ ലഭ്യതയുള്ള 200ലധികം കിടക്കകൾ, വെന്റിലേറ്റർ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകൾ, എക്സ് റേ മെഷിനുകൾ എന്നിവ ഫൗണ്ടേഷൻ നൽകിയിരുന്നു.
2015ലാണ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിക്കുന്നത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലാണ് ഫൗണ്ടേഷൻ ആരംഭിച്ചത്. ഇതിനോടകം തന്നെ നിരവധി ആളുകൾക്ക് സഹായ ഹസ്തവുമായി മോഹൻലാലും സംഘടനയും രംഗത്തത്തിയിരുന്നു.
