മോഹൻലാലിന്റെ ആലോചിച്ച ഒരു കഥയ്‍ക്ക് മറ്റൊന്നിന് സാമ്യമുണ്ടായപ്പോള്‍ തോന്നിയ ആലോചനയില്‍ നിന്നാണ് മറ്റൊരു ഹിറ്റ് പിറന്നത്.
മോഹൻലാലിന്റെ എക്കാലത്തെ മികച്ച സിനിമകളുടെ തിരക്കഥാകൃത്താണ് ലോഹിതദാസ്. ലോഹിതദാസ് എഴുതിയ ഭരതം എന്ന സിനിമയിലെ കഥാപാത്രം മോഹൻലാലിന്റെ മികച്ച ഒരു വേഷവുമാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ലോഹിതദാസ് തിരക്കഥ എഴുതിയതായിരുന്നു ഭരതത്തിന്റേത്. മോഹൻലാലിനെ നായകനായി ലോഹിതദാസ് ആലോചിച്ച കഥയുമായി വലിയ സാമ്യമുള്ള മറ്റൊരു മലയാള സിനിമ റിലീസിന് തയ്യാറാകുന്നു എന്ന് അറിഞ്ഞ സാഹചര്യത്തില്‍ എഴുതിയതായിരുന്നു ഭരതം.
സുഹൃത്തുക്കളെപ്പോലെ കഴിയുന്ന അച്ഛന്റെയും മകന്റെയും കഥയായിരുന്നു നെടുമുടി വേണുവിനെയും മോഹൻലാലിനെയും മനസില്‍ കണ്ട് ലോഹിതദാസ് എഴുതിയത്. പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. അപ്പോഴാണ് അടുത്തിടെ ഒരു പൈങ്കിളിക്കഥയെന്ന സിനിമയ്‍ക്കായി വര്‍ക്ക് ചെയ്‍തിരുന്നു എന്നും അതിന്റെ പ്രമേയം ഇത് തന്നെയാണ് സഹ സംവിധായകൻ ജോസ് തോമസ് പറയുന്നത്. സാരമില്ല നമുക്ക് മറ്റൊരു കഥ സിനിമയ്‍ക്കായി ആലോചിക്കാം എന്ന് നിര്‍മാതാവുമായ മോഹൻലാല്‍ ലോഹിതദാസിനോടും സംവിധായകൻ സിബി മലയിലിനോടും പറഞ്ഞു.
എന്നാല്‍ ലോഹിതദാസ് പിൻമാറാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് മുമ്പ് ആലോചിച്ച ഒരു കഥ മോഹൻലാലിനെ കേള്‍പ്പിക്കുന്നത്. അതായിരുന്നു ഭരതം. പെട്ടെന്ന് എഴുതിയ ഒരു കഥയായിട്ടും സിനിമ വമ്പൻ ഹിറ്റാകുകയും മോഹൻലാലിന് മികച്ച നടനും യേശുദാസ് മികച്ച ഗായകനുമായി ദേശീയതലത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും രവീന്ദ്രൻ മാഷിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിക്കുകയും ചെയ്‍തു.
എന്നാല്‍ മോഹൻലാലിനായി ആലോചിച്ച ആ കഥ ലോഹിതദാസ് ഉപേക്ഷിച്ചിരുന്നില്ല. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ മോഹൻലാലിനായി ആലോചിച്ച ആ പഴയ കഥയില്‍ നിന്ന് രൂപപ്പെടുത്തിയതായിരുന്നു. അച്ഛനായി തിലകൻ വേഷമിട്ടപ്പോള്‍ ജയറാം മകനായും വീണ്ടും ചില വീട്ടുകാര്യങ്ങളിലെത്തി. സംവിധാനം സത്യൻ അന്തിക്കാടായിരുന്നു.


