ചിത്രം ജൂൺ 27ന് തിയറ്ററുകളിൽ എത്തും.
തുടരെയുള്ള ബ്ലോക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് മുന്നേറുകയാണ് നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം റി റിലീസ് ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിനും വൻ കളക്ഷനാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തിൽ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നത് ഒരു തെലുങ്ക് ചിത്രമാണ്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന കണ്ണപ്പ ആണ് ആ ചിത്രം.
കണ്ണപ്പയിൽ ഏറെ സുപ്രധാനപ്പെട്ട കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം. സിനിമയുടേതായി പുറന്നുവന്ന അപ്ഡേറ്റുകളിലും ഇക്കാര്യം വ്യക്തമായിരുന്നു. ചിത്രം ജൂൺ 27ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ കണ്ണപ്പ കേരളത്തിലെത്തിക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ്. മോഹൻലാൽ തന്നെയാണ് ആശീർവാദ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം 150-200 കോടിയാണ് കണ്ണപ്പയുടെ ബജറ്റ്. മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം. ചിത്രത്തിൽ പ്രഭാസും മോഹൻലാലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു. "മോഹൻലാലിൻ്റെ സീക്വൻസിൽ നിന്ന് ഏകദേശം 7 മിനിറ്റ് ഞങ്ങൾക്ക് ട്രിം ചെയ്യേണ്ടി വന്നിട്ടുണ്ട്. നിലവിൽ 15 മിനിറ്റ് രംഗം മാത്രമാണ് അദ്ദേഹത്തിന് ചിത്രത്തിലുള്ളത്. സിനിമയുടെ ദൈർഘ്യം കുറയ്ക്കാൻ വേണ്ടി മാത്രം ചെയ്തതാണത്. വേറെ മാർഗം ഉണ്ടായിരുന്നില്ല"എന്നും വിഷ്ണു മഞ്ചു പറഞ്ഞിരുന്നു.
യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു, മോഹൻലാൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം.



