അജിത്തിനൊപ്പവും മോഹൻലാൽ സ്ക്രീൻ പങ്കിടുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.
ത്രിവിക്രം ശ്രീനിവാസ് ചിത്രത്തില്‍ മഹേഷ് ബാബു (Mahesh Babu) വീണ്ടും നായകനാകുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ കേട്ടത്. ഈ മാസം ആദ്യമായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച സൂചനകള്‍ ലഭ്യമല്ല. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും(Mohanlal) എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
‘എസ്എസ്എംബി28’ എന്ന് താല്‍ക്കാലികമായ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനൊപ്പം മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തിയേക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡേയായിരിക്കും ചിത്രത്തിലെ നായിക. ഏപ്രിലില്‍ ആണ് ചിത്രം പൂര്‍ണമായും ഷൂട്ടിംഗ് തുടങ്ങുക.
'അതഡു' എന്ന ചിത്രത്തില്‍ 2005ലാണ് മഹേഷ് ബാബു ത്രിവിക്രമിന്റെ സംവിധാനത്തില്‍ ആദ്യമായി നായകനാകുന്നത്. ആദ്യമായി ഒന്നിച്ച ചിത്രം തന്നെ വൻ ഹിറ്റായിരുന്നു. 'ഖലേജ' എന്ന ആക്ഷൻ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനായി.
നേരത്തെ അജിത്തിനൊപ്പവും മോഹൻലാൽ സ്ക്രീൻ പങ്കിടുന്നുവെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും എത്തുന്നതെന്നായിരുന്നു വിവരം. 'എകെ 61' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ. എന്നാൽ 'എകെ 61'ൽ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചുവോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടിയിരിക്കുന്നു. ചിത്രം മാർച്ചിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read More : Mahesh Babu : ത്രിവിക്രം ശ്രീനിവാസിന്റെ സംവിധാനത്തില്‍ മഹേഷ് ബാബു നായകനാകുന്നു, പൂജ കഴിഞ്ഞു
മരക്കാറിന്റെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. 'എകെ 61' ൽ 22 വർഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാവും വലിമൈ. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
ബ്രോ ഡാഡി എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, മീന, കനിഹ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അച്ഛനും മകനുമായി മോഹൻലാലും പൃഥ്വിരാജും എത്തിയ ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ‘ആറാട്ട്’ ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രം. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് മുഴുവൻ പേര്. ഈ മാസം 18ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
