'ഇത് ചെയ്യാന്‍ അവന്‍ ഒരുത്തനേ ഉള്ളൂ', മോഹന്‍ലാലിന്‍റെ വാക്ക്; സുരേഷ് ഗോപി ആ റോള്‍ ഏറ്റെടുത്തു
ഓര്‍മ്മ പങ്കുവച്ച് സുരേഷ് ഗോപി
ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ഗെയിം ഷോ ആണ് കോന്‍ ബനേഗാ ക്രോര്‍പതി. ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായ പരിപാടി മലയാളത്തിലെത്തിയപ്പോള്‍ അവതാരകനായത് സുരേഷ് ഗോപി ആയിരുന്നു. ഇപ്പോഴിതാ തന്നിലേക്ക് ആ അവസരം എത്തിയതിനെക്കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് വേദിയിലാണ് സുരേഷ് ഗോപി ഓര്‍മ്മ പങ്കുവെക്കുന്നത്.
"ടെലിവിഷന്‍ ഗെയിം ഷോകള്‍ക്ക് പുതിയൊരു ഭാവം നല്‍കുന്നതിന് ഹു വാണ്ട്സ് ടു ബി എ മില്യണയര്‍ എന്ന ലോകം കീഴടക്കിയ ഒരു പരമ്പരയുടെ ഇന്ത്യന്‍ പതിപ്പ് വന്നപ്പോള്‍ അത് അമിതാഭ് ബച്ചന്‍ എന്ന എക്കാലത്തെയും ഗംഭീര നടനാണ് ആത് അവതരിപ്പിച്ചത്. ആദ്യ എപ്പിസോഡ് ഞാനും ശ്രീമതിയും കൂടി ഇരുന്ന് കണ്ടിരുന്നു. ഇത് എന്‍റെ ജീവിതത്തിലേക്ക് വന്ന് ഭവിക്കുവാന്‍ പോവുകയാണെന്ന് അന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. പിന്നീട് അതിന്‍റെ സ്ഥിരം പ്രേക്ഷകരായി ഞാനും രാധികയും മാറി. ആദ്യത്തെ ഒരു സിരീസ് അവസാനിക്കുന്ന ദിവസം രാധിക എന്നോട് പറഞ്ഞത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഏട്ടാ, ഇത് മലയാളത്തില്‍ ചെയ്യണമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അന്ന് ഈ പ്രോഗ്രാം ചെയ്യുന്നത് ഏട്ടനായിരിക്കും എന്ന്", സുരേഷ് ഗോപിയുടെ വാക്കുകള്‍.
ഇന്ന് ഡിസ്നി സ്റ്റാര്‍ ഇന്ത്യ പ്രസിഡന്‍റും കണ്‍ട്രി ഹെഡുമായ കെ മാധവന്‍ അന്ന് ആദ്യം ഇക്കാര്യം പറഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും സുരേഷ് ഗോപി പറയുന്നു. "2011 ല്‍ മാധവന്‍ ആദ്യം വന്നപ്പോള്‍ ചെയ്യില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും മോഹന്‍ലാലാണ് മാധവനോട് പറഞ്ഞത് ഇത് ചെയ്യാന്‍ അവന്‍ ഒരുത്തനേ ഉള്ളൂ എന്ന്. അവന്‍ തന്നെയാണ് ഇത് ചെയ്യേണ്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞതിന്‍റെ പശ്ചാത്തലത്തില്‍ അതിന് ആദരവ് പകര്‍ന്നുകൊണ്ടാണ് ഞാന്‍ കോന്‍ ബനേഗാ ക്രോര്‍പതിയുടെ മലയാളം പതിപ്പ് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന കരാറില്‍ ഞാന്‍ ഏര്‍പ്പെടുന്നത്", സുരേഷ് ഗോപി പറഞ്ഞവസാനിപ്പിക്കുന്നു.
ALSO READ : തിയറ്ററിലെ 'ഓണത്തല്ലി'ന് പെപ്പെ; കടലിലെ ആക്ഷന്‍ ബ്ലോക്കുകളുമായി 'കൊണ്ടല്‍' ട്രെയ്‍ലര്‍