എന്തായാലും മോഹൻലാല്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ഥത വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 

അടുത്തിടെ നടൻ മോഹൻലാല്‍ വര്‍ക്കൗട്ട് വീഡിയോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. ആരോഗ്യത്തില്‍ വിട്ടുവീഴ്‍ചയ്‍ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി പങ്കുവയ്‍ക്കുന്ന വീഡിയോകള്‍ ഹിറ്റാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ മോഹൻലാല്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഫിറ്റ്‍നെസില്‍ മോഹൻലാല്‍ പ്രകടിപ്പിക്കുന്ന സമര്‍പ്പണം വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും ചൂണ്ടിക്കാട്ടുന്നു.

മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം 'വൃഷഭ'യാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ 'വൃഷഭ' തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്ന് റിപ്പോര്‍ട്ടുണ്ട്.

View post on Instagram

'മലൈക്കോട്ടൈ വാലിബൻ' എന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ കാത്തിരിക്കുന്നതാണ് 'മലൈക്കോട്ടൈ വാലിബൻ'. ഏറ്റവും ചര്‍ച്ചയായി മാറിയ ഒരു സിനിമാ പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി അഭിനയിക്കുന്നുവെന്നത്. രാജസ്‍ഥാനിലാണ് മോഹൻലാല്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.

'സ്‍ഫടിക'മാണ് മോഹൻലാലിന്റേതായി ഒടുവില്‍ റിലീസായത്. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'സ്‍ഫടികം' റീ മാസ്റ്റര്‍ ചെയ്‍ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മിച്ചായിരുന്നു റീ റിലീസ് ചെയ്‍തത്. ഭദ്രൻ ആണ് ചിത്രത്തിന്റെ സംവിധാനം. 'ആടു തോമ' എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചു. തിലകനും കെപിഎസി ലളിതയുമായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. റീ റിലീസിലും ഭദ്രന്റെ മോഹൻലാല്‍ ചിത്രം ഒരു ചരിത്രമായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ഗ്ലാമറസായി പ്രിയ വാര്യര്‍, ബിക്കിനി ഫോട്ടോകളെ വിമര്‍ശിച്ചും അനുകൂലിച്ചും ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക