സിംബ എന്നാണ് പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്

നന്ദമൂരി ബാലകൃഷ്ണയുടെ മകന്‍ മോക്ഷാഗ്ന തേജയും സിനിമയിലേക്ക്. ഹനു മാന്‍ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ പ്രേക്ഷകശ്രദ്ധ നേടിയ പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോക്ഷാഗ്നയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ത്തന്നെ നായകനായാണ് മോക്ഷാഗ്നയുടെ അരങ്ങേറ്റം. മോക്ഷാഗ്ന തേജയുടെ പിറന്നാള്‍ ദിനമായിരുന്ന സെപ്റ്റംബര്‍ 6 നാണ് നിര്‍മ്മാതാക്കള്‍ ഈ ചിത്രം പ്രഖ്യാപിച്ചത്. 

സിംബ എന്നാണ് പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര്. ഫസ്റ്റ് ലുക്കിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചത്. പോസ്റ്ററില്‍ ഏതോ വിദേശ ലൊക്കേഷനില്‍ നിന്നുള്ളതെന്ന് കരുതാവുന്ന മോക്ഷാഗ്നയുടെ ചിത്രമാണ് ഉള്ളത്. ബ്ലാക്ക് കളറിലുള്ള ഹൂഡിയും വൈറ്റ് ടീ ഷര്‍ട്ടും ബ്ലൂ ജീന്‍സും ഒപ്പം വൈറ്റ് സ്നീക്കേഴ്സുമാണ് പോസ്റ്ററില്‍ മോക്ഷാഗ്ന ധരിച്ചിരിക്കുന്നത്. അതേസമയം ബാലയ്യയുടെ ഇളയ മകള്‍ തേജസ്വിനി നന്ദമൂരിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

Scroll to load tweet…

അതേസമയം സൂപ്പര്‍ ഹീറോ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്ത ഹനു മാന്‍. തേജ സജ്ജ ആയിരുന്നു ചിത്രത്തിലെ നായകന്‍. അമൃത അയ്യര്‍, വരലക്ഷ്മി ശരത്‍കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോര്‍, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റര്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രശാന്ത് വര്‍മ്മയുടേത് തന്നെയായിരുന്നു ചിത്രത്തിന്‍റെ കഥ. അനുദീപ് ദേവ്, ഗൗര ഹരി, കൃഷ്ണ സൗരഭ് എന്നിവരായിരുന്നു സംഗീത സംവിധായകര്‍. അതേസമയം ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ജയ് ഹനുമാന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.

ALSO READ : തിയറ്ററിലെ 'ഓണത്തല്ലി'ന് പെപ്പെ; കടലിലെ ആക്ഷന്‍ ബ്ലോക്കുകളുമായി 'കൊണ്ടല്‍' ട്രെയ്‍ലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം