വോള്യം 1, വോള്യം 2 എന്നിങ്ങനെ അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്

ലോകത്ത് ഒരു ടെലിവിഷന്‍ സിരീസിനും കിട്ടുന്നതിനും മേലെയുള്ള ഹൈപ്പ് ആണ് 'മണി ഹെയ്സ്റ്റി'ന്‍റെ അവസാന സീസണായ സീസണ്‍ 5ന് ലഭിച്ചിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന്‍റെ ആഴം മനസിലാക്കിയിട്ടെന്നപോലെ ഇക്കുറി ഒരു വേറിട്ട പ്രൊമോഷനും നടത്തിയിരിക്കുകയാണ് അണിയറക്കാര്‍. നെറ്റ്ഫ്ളിക്സില്‍ എത്തും മുന്‍പ് ഇന്ന് എത്തുന്ന അഞ്ചാം സീസണിന്‍റെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ നേരത്തേ പുറത്തുവിട്ടു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെത്തന്നെ യുട്യൂബിലൂടെ 14 മണിക്കൂര്‍ മുന്‍പാണ് വീഡിയോ എത്തിയത്. ഇതിനകം 23 ലക്ഷം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വോള്യം 1, വോള്യം 2 എന്നിങ്ങനെ അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. വോള്യം 1 ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 12:30ന് എത്തും. ഡിസംബര്‍ 3നാണ് വോള്യം 2 എത്തുക. ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്‍പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമയായ 'മണി ഹെയ്സ്റ്റ്'. 'ലാ കാസ ഡേ പാപ്പല്‍' എന്ന് സ്‍പാനിഷ് പേരുള്ള സിരീസ്. സ്‍പാനിഷ് നെറ്റ്‍വര്‍ക്ക് ആയ ആന്‍റിന 3യില്‍ 15 എപ്പിസോഡുകള്‍ ഉള്ള ലിമിറ്റഡ് സിരീസ് ആയി സംപ്രേഷണം ആരംഭിച്ച ലാ കാസ ഡേ പാപ്പലിന്‍റെ ആഗോള അവകാശം പിന്നീട് നെറ്റ്ഫ്ളിക്സ് വാങ്ങുകയായിരുന്നു. ജനപ്രീതി മനസിലാക്കി കൂടുതല്‍ മുതല്‍മുടക്ക് നടത്തിയാണ് തുടര്‍ സീസണുകളുടെ ചിത്രീകരണം നെറ്റ്ഫ്ളിക്സ് നടത്തിയത്. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona