ഇന്ത്യയില്‍ ആകമാനം 357 സ്ക്രീനുകള്‍
മലയാള സിനിമാ വ്യവസായം വലിയ പ്രതീക്ഷ പുലർത്തുന്ന ഒരു ചിത്രം ഇന്ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആണ് ആ ചിത്രം. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് മോൺസ്റ്റർ. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ റിലീസിനെ നോക്കിക്കാണുന്നത്. ചിത്രത്തിൻറെ ഉയർന്ന തിയറ്റർ കൌണ്ട് ആണ് അതിൻറെ ഏറ്റവും വലിയ തെളിവ്.
കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില്‍ ചിത്രം എത്തുന്നുണ്ട്. അങ്ങനെ ഇന്ത്യയില്‍ ആകമാനം 357 സ്ക്രീനുകള്‍. എല്‍ജിബിടിക്യുഐഎ പ്ലസ് ഉള്ളടക്കത്തിന്‍റെ പേരില്‍ ജിസിസി റിലീസിന് വിലക്ക് നേരിടുന്ന ചിത്രത്തിന് പക്ഷേ യൂറോപ്പില്‍ മികച്ച സ്ക്രീന്‍ കൌണ്ട് ആണ്. യുകെയില്‍ മാത്രം 104 സ്ക്രീനുകളില്‍ മോണ്‍സ്റ്റര്‍ പ്രദര്‍ശനത്തിനുണ്ട്. യൂറോപ്പില്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൌണ്ട് ആണ് മോണ്‍സ്റ്ററിന് എന്നാണ് വിതരണക്കാര്‍ അറിയിക്കുന്നത്.
ALSO READ : 'മോണ്‍സ്റ്റര്‍' ഡേയില്‍ 'എലോണ്‍' ടീസര്‍; സര്‍പ്രൈസ് സാന്നിധ്യമായി പൃഥ്വിരാജ്: വീഡിയോ
മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.
