ജനപ്രീതിയില്‍ മുൻനിരയില്‍ മലയാളി നടിയും.

ഇന്ത്യയില്‍ ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഒന്നാമത് തെന്നിന്ത്യൻ താരം സാമന്ത തന്നെയാണ് എന്നതാണ് പുതിയ പട്ടികയുടെയും പ്രത്യേകത. രണ്ടാമതായി ആലിയ ഭട്ട് തുടരുന്നു. രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമേ ഒക്ടോബര്‍ മാസത്തെ നായികമാരുടെ പട്ടികയിലും ഇടംനേടാനായുള്ളൂ.

സമീപകാലത്തായി തെന്നിന്ത്യൻ താരങ്ങള്‍ക്ക് രാജ്യമൊട്ടാകെ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കാൻ സാധിക്കുന്നു എന്നതാണ് പ്രമുഖ മീഡിയ കണ്‍സല്‍ട്ട് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിടുന്ന ഓരോ മാസത്തെയും പട്ടിക തെളിയിക്കുന്നത്. ബോളിവുഡ് താരങ്ങള്‍ സിനിമകള്‍ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂ എന്നതാണ് അതിന് ഒരു കാരണം. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് മറ്റൊരു കാരണം. മാത്രവുമല്ല തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നു എന്നതും തെന്നിന്ത്യൻ താരങ്ങള്‍ക്ക് അനുകൂല ഘടകമാണ്. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും തെന്നിന്ത്യൻ താരങ്ങള്‍ക്കാകുന്നു എന്നത് അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കുന്നു. ജനപ്രീതിയില്‍ ബോളിവുഡ് താരങ്ങളെക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ആകുന്നുവെന്നത് അവരെ ഹിന്ദി സിനിമകളില്‍ നായികമാരാക്കാൻ സംവിധായകരെ പ്രേരിപ്പിക്കുന്ന ഘടകവുമാണ്. സായ് പല്ലവിയടക്കം നിരവധി തെന്നിന്ത്യൻ താരങ്ങളാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നതും.

മൂന്നാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യൻ താരമായ കാജല്‍ അഗര്‍വാളാണ്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. അഞ്ചാമത് തമിഴ് താരം തൃഷയാണ്. ആറാം സ്ഥാനത്ത് ബോളിവുഡിലെ മുൻനിര താരം ദീപിക പദുക്കോണാണ്.

ഏഴാം സ്ഥാനത്ത് മലയാളികളുടെയും പ്രിയ താരമായ സായ് പല്ലവിയാണ്. എട്ടാമത് മലയാളി നടിയായ നയൻതാരയാണ്. ഒമ്പതാം സ്ഥാനത്ത് പുത്തൻ സെൻസേഷൻ താരമായ ശ്രീലീലയാണ്. പത്താമത് തമിഴകത്തിന്റെ തമന്ന ഭാട്ടിയയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക