ജനുവരിയിലെ ലിസ്റ്റില്‍ മൂന്നാമതായിരുന്ന കിംഗ് ഖാന്‍ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്

വിപണിയുടെ വലിപ്പത്തിലും സാമ്പത്തിക വിജയങ്ങളുടെ എണ്ണത്തിലുമൊക്കെ ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡിന് എതിരില്ലായിരുന്നു, അടുത്ത കാലം വരെ. എന്നാല്‍ നിലവിലെ സാഹചര്യം മറ്റൊന്നാണ്. സാമ്പത്തിക വിജയങ്ങളുടെ കാര്യത്തില്‍ ബോളിവുഡിനേക്കാള്‍ മുകളില്‍ ഇന്ന് തെലുങ്ക് സിനിമയാണ്. തമിഴ് സിനിമയ്ക്ക് മുന്‍പ് ലഭിച്ചിരിക്കുന്ന സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ കന്നഡ സിനിമയില്‍ നിന്ന് കെജിഎഫ്, കാന്താര പോലെയുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഉണ്ടാവുന്നു. വിപണി ചെറുതായതിനാല്‍ ബജറ്റില്‍ ഒരു പരിധിക്കപ്പുറം വളരാനാവാത്ത മലയാള സിനിമ ഉള്ളടക്കത്തിന്‍റെ മികവ് കൊണ്ട് ഒടിടി റിലീസിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടുന്നു. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതി നേടിയ പുരുഷ താരങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റ് ആണ് ചുവടെ. ഇന്ത്യന്‍ സിനിമാ മേഖലയിലെ മാറുന്ന ബലതന്ത്രം മാര്‍ച്ച് മാസത്തെ ജനപ്രീതി കണക്കാക്കി തയ്യാറാക്കിയിട്ടുള്ള ഈ ലിസ്റ്റില്‍ കാണാനാവും. 

തമിഴ് താരം വിജയ് ഒന്നാമത് തുടരുന്ന ലിസ്റ്റില്‍ ഷാരൂഖ് ഖാന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജനുവരിയിലെ ലിസ്റ്റില്‍ മൂന്നാമതായിരുന്ന കിംഗ് ഖാന്‍ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ജനുവരി ലിസ്റ്റില്‍ നാലാമതായിരുന്ന പ്രഭാസ് മൂന്നാം സ്ഥാനത്തേക്കും എത്തിയിട്ടുണ്ട്. ആദ്യ പത്ത് സ്ഥാനങ്ങള്‍ ചുവടെ.

1. വിജയ്

2. ഷാരൂഖ് ഖാന്‍

3. പ്രഭാസ്

4. ജൂനിയര്‍ എന്‍ടിആര്‍

5. അജിത്ത് കുമാര്‍

6. രാം ചരണ്‍

7. അല്ലു അര്‍ജുന്‍

8. അക്ഷയ് കുമാര്‍

9. സല്‍മാന്‍ ഖാന്‍

10. യഷ്

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ എത്തുന്ന ലിയോ ആണ് പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം. വിക്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണിത്. 

ALSO READ : വന്‍ കാന്‍വാസില്‍ 'ബാന്ദ്ര'; ദിലീപിനൊപ്പം ദിനോ മോറിയ, തമന്ന: ടീസര്‍