ഒരേയൊരു മലയാളം സിനിമയാണ് പട്ടികയിലുള്ളതും.

തിയറ്ററുകള്‍ക്കപ്പുറത്തെ വലിയ സാധ്യതകളാണ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ തുറന്നിട്ടിരിക്കുന്നത്. ഓരോ ഭാഷാ അതിര്‍ത്തികള്‍ കടന്ന് പാൻ ഇന്ത്യൻ റീച്ചു നേടാൻ സിനിമകള്‍ക്ക് ഒടിടി സ്‍ട്രീമിംഗ് സഹായകരമാകാറുണ്ട്. പാൻ ഇന്ത്യൻ പടങ്ങളും ഇപ്പോള്‍ ഒടിടിയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെടാറുണ്ട്. നവംബര്‍ 3 മുതല്‍ ഒമ്പത് വരെ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്ത്യൻ സിനിമകളുടെ പട്ടിക പ്രമുഖ മീഡിയ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുകയാണ്.

2025ല്‍ ഇന്ത്യയില്‍ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായ കാന്താര തന്നെയാണ് ഈ കാലയളവില്‍ ഒടിടിയിലും ഏറ്റവും കൂടുതല്‍ പേര്‍ കണ്ട്. 4.1 മില്യണ്‍ കാഴ്‍ചക്കാരാണ് കാന്താര ഒടിടിയില്‍ കണ്ടത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് കാന്താര ഒടിടിയില്‍ സ്‍ട്രീമിംഗ് നടത്തുന്നത്. നിലവില്‍ കാന്താര ഹിന്ദി പതിപ്പ് ഒടിടിയില്‍ എത്തിയിട്ടില്ല. മറിച്ച് തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാണ് ഒക്ടോബര്‍ 31 ന് എത്തിയത്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് 55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് വിതരണം ചെയ്‍തത്. വിദേശത്ത് നിന്ന് മാത്രം 110.4 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്‍ത 'കാന്താര'യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബർ രണ്ടിനാണ് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്.

ലോകയാവട്ടെ ഹിന്ദിയും മറാഠിയും ബംഗാളിയും അടക്കം ഏഴ് ഭാഷകളില്‍ സ്‍ട്രീമിംഗിന് എത്തിയപ്പോള്‍ ചെറിയ വ്യത്യാസത്തിനാണ് കാന്താരയുടെ പിന്നിലായത്. ഒടിടി കാഴ്‍ചക്കാരുടെ എണ്ണത്തില്‍ ഇന്ത്യൻ സിനിമകളില്‍ പോയ വാരം രണ്ടാം സ്ഥാനത്താണ് ലോക. നാല് മില്യണ്‍ കാഴ്‍ചക്കാരാണ് ചിത്രത്തിന് ഒടിടിയില്‍ പോയ വാരം ലഭിച്ചിരിക്കുന്നത്. ഓര്‍മാക്സ് പുറത്തുവിട്ട പട്ടികയില്‍ ഇടംനേടിയ ഒരേയൊരു മലയാള ചിത്രവുമാണ് ലോക. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനായിരുന്നു നായികാ വേഷത്തില്‍ എത്തിയത്.

ഒടിടിയില്‍ മൂന്നാം സ്ഥാനത്ത് മിറൈയാണ് ഇടംനേടിയിരിക്കുന്നത്. 3.1 മില്യണ്‍ കാഴ്‍ചക്കാരാണ് ചിത്രത്തിന് ഒടിടിയില്‍ ലഭിച്ചിരിക്കുന്നത്. തേജ സജ്ജയാണ് മിറൈയിലെ നായകൻ. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് മിറൈ സ്‍ട്രീമിംഗ് ചെയ്യുന്നത്. നാലാം സ്ഥാനത്ത് ഇഡ്ഡ്ലി കടൈയാണ്. 2.4 മില്യണ്‍ കാഴ്‍ചക്കാരെ ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ ലഭിച്ച ഇഡ്‍ലി കടൈ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത് നായകനായി അഭിനയിച്ചത് ധനുഷാണ്. ഭാഗി നാല് അഞ്ചാം സ്ഥാനത്ത് ഒടിടിയില്‍ ഇടംനേടിയപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ രണ്ട് മില്യണ്‍ കാഴ്‍ച്ചക്കാരെയാണ് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക