Asianet News MalayalamAsianet News Malayalam

'ലൂസിഫറില്‍ എഴുതിയത് സംഭവിച്ചു', രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ തടയാനാകില്ലെന്ന് മുരളി ഗോപി

'ലൂസിഫറി'ല്‍ എഴുതിയത് ഇത്രവേഗം സംഭവിക്കുമെന്ന് കരുതിയില്ലെന്ന് മുരളി ഗോപി.

 

Murali Gopi about drug funding
Author
First Published Nov 22, 2022, 2:14 PM IST

മയക്കുമരുന്ന് എന്ന വിപത്ത് ജനങ്ങള്‍ക്ക് മേല്‍ പതിച്ചു കഴിഞ്ഞെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. 'ലൂസിഫർ' എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാനാകില്ലെന്നും മുരളി ഗോപി പറഞ്ഞു.

2018ഇൽ 'ലൂസിഫർ' എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, അഞ്ച് വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യുമെന്നും മുരളി ഗോപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുരളി ഗോപിയുടെ പ്രതികരണം.

മോഹൻലാല്‍ നായകനായ ചിത്രം 'ലൂസിഫറി'ല്‍ മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും പ്രതിപാദ്യ വിഷയമായിരുന്നു. 'ബോബി' എന്ന വില്ലൻ കഥാപാത്രമായിരുന്നു ചിത്രത്തില്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയത്. വിവേക് ഒബ്റോയ്‍യിയായിരുന്നു ചിത്രത്തില്‍ 'ബോബി'യെ അവതരിപ്പിച്ചത്. 'സ്റ്റീഫൻ നെടുമ്പള്ളി' എന്ന നായക കഥാപാത്രം മയക്കമരുന്ന് ഇടപാടിന് എതിരെ 'ബോബി'ക്ക് മുന്നറിയിപ്പ് നല്‍കുന്ന രംഗം ചിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍തുവെന്ന പ്രത്യേകതയുള്ള ചിത്രമാണ് 'ലൂസിഫര്‍'. 'ലൂസിഫര്‍' മലയാളത്തിന്റെ ആദ്യ 200 കോടി ക്ലബ് ചിത്രവുമാണ്. മഞ്‍ജു വാര്യര്‍, ഇന്ദ്രജിത്ത്, ഫാസില്‍, ശിവജി ഗുരുവായൂര്‍, ബാല തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായി 'എമ്പുരാൻ' എന്ന ചിത്രവും മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Read More: 'കൈതി 2'ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി

Follow Us:
Download App:
  • android
  • ios