ബാബറി മസ്‍ജിദ് കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട ലക്നൗ പ്രത്യേക സിബിഐ കോടതിവിധിയെ വിമര്‍ശിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ബാബറി മസ്‍ജിദ് പൊളിച്ച കേസ്: എല്ലാ പ്രതികളെയും വെറുതെവിട്ടു, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി' എന്ന വാര്‍ത്താ തലക്കെട്ടിന്‍റെ സ്ക്രീന്‍ഷോട്ടിനൊപ്പം മുരളി ഗോപി പരിഹാസരൂപേണ 'തലവിധി!' എന്നും ഫേസ്ബുക്കില്‍ കുറിച്ചു.

 

ആസൂത്രണം നടന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. ബാബറി മസ്ജിദ് തകര്‍ത്തത് മുൻകൂട്ടി ആസൂത്രണം ചെയ്തതിട്ടല്ല.  പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പള്ളി തകർത്തത് ആകസ്മികം ആയിരുന്നുവെന്നും ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്നൗ സിബിഐ കോടതിയുടെ നിര്‍ണായക വിധി.  ലക്നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്കെ യാദവ്  ആണ് 2000 പേജുള്ള വിധി പ്രസ്താവിച്ചത്.

കോടതി വിധി പറയുന്ന ദിനത്തില്‍ ഉത്തര്‍പ്രദേശിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.  എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടിയിരുന്നു.