ഓവര്‍ ദി ടോപ്പ് (ഒടിടി) പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. "സര്‍ഗാത്മകമായ ഉള്ളടക്കത്തെ സര്‍ക്കാര്‍ നിയന്ത്രണം, രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം  എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. അതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ കൂട്ടായ പരിശ്രമത്തോടെ, നിയമപരമായി നേരിടണം. അത് വൈകാതെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു", മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.#SayNoToCensorship എന്ന ടാഗോടെയാണ് മുരളി ഗോപിയുടെ കുറിപ്പ്.

ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ഉത്തരവ് ഇന്ന് രാവിലെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിനിമ, ഡോക്യുമെന്‍ററി, വാര്‍ത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കും. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 

അതിന്‍റെ തുടക്കമായാണ് നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം പോലെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളെയും വാര്‍ത്താ പോര്‍ട്ടലുകളെയും വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കും. വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ഓണ്‍ലൈന്‍ വിനോദ പോര്‍ട്ടലുകള്‍ക്കും ലൈസന്‍സ് ഉള്‍പ്പെടെ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്.