തിരക്കഥാകൃത്തായും അഭിനേതാവായും മികച്ച വിജയങ്ങള്‍ക്കൊപ്പം സ്വന്തം പേരു ചേര്‍ത്ത ആളാണ് മുരളി ഗോപി. ഇപ്പോഴിതാ മറ്റൊരു മേഖലയിലേക്കു കൂടി ചുവടുവെക്കുകയാണ് അദ്ദേഹം. നിര്‍മ്മാണമേഖലയിലേക്കാണ് മുരളി ഗോപി കടക്കാനൊരുങ്ങുന്നത്. താന്‍ തിരക്കഥയൊരുക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. എന്നാല്‍ സഹനിര്‍മ്മാതാക്കളായി വിജയ് ബാബുവും രതീഷ് അമ്പാട്ടും ഒപ്പമുണ്ട്.

വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൗസും സംരംഭത്തില്‍ ഒപ്പമുണ്ടെന്നും രതീഷ് അമ്പാട്ടും പങ്കാളിയാണെന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ജനുവരി 2ന് പുറത്തുവിടുമെന്നും ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും മുരളി ഗോപി അറിയിക്കുന്നു.

രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് താന്‍ തിരക്കഥയൊരുക്കുന്ന വിവരം മുരളി ഗോപി നേരത്തെ അറിയിച്ചിരുന്നതാണ്. ലൂസിഫറിന്‍റെ സീക്വല്‍ ആയ 'എമ്പുരാന്' മുന്‍പ് ഈ ചിത്രം തുടങ്ങുമെന്നും രചനാവേളയില്‍ അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ സിനിമയിലെ അഭിനേതാക്കളെക്കുറിച്ചോ മറ്റു സാങ്കേതികപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. രണ്ടാഴ്ച മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ല്‍ മുരളി ഗോപി അഭിനയിച്ചിരുന്നു.