Asianet News MalayalamAsianet News Malayalam

'ഇത് കാശിന്‍റെ തിളപ്പല്ല സർ, കാശുണ്ടെങ്കിലും ഇല്ലെങ്കിലും തുടരും; ട്രോളിയവര്‍ക്ക് ഗോപി സുന്ദറിന്‍റെ മറുപടി

'എൻറെ പോസ്റ്റിനെ ട്രോളിയവരോട്, അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു, ഇത് കാശിന്‍റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ്'.

music director gopi sundar facebook post against social media troll
Author
Kochi, First Published Nov 6, 2020, 12:59 PM IST

കൊച്ചി: തന്‍റെ വീട്ടിലെ നായ്ക്കളെ പരിപാലിക്കാനായി ജോലിക്കാരനെ ആവശ്യപ്പെട്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളിയവര്‍ക്കും പരിഹസിച്ചവര്‍ക്കും മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല, അതിനുമപ്പുറം സന്തോഷമാണെന്ന് ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇത്രയും നായ്ക്കളെ പരിചരിക്കാന്‍ ഒരു ജോലിക്കാരന്‍ വേണം. നിലവിലെ ജോലിക്കാരന്‍ നാട്ടിലേക്ക് പോയതിനാണ് നായ്ക്കളെ പരിചരിക്കാന്‍ ആളേ തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എൻറെ പോസ്റ്റിനെ ട്രോളിയവരോട്, അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു, ഇത് കാശിന്‍റെ തിളപ്പമല്ല സർ, കനിവാണ് സ്നേഹമാണ് സന്തോഷമാണ്. കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കും- ഗോപി സുന്ദര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ്. എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല.

ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത് എന്നെ കുറിച്ച് മാത്രമല്ലാത്ത കാര്യമായതുകൊണ്ടാണ്. നമ്മളെ പോലെത്തന്നെ ഈ ഭൂമിയുടെ അവകാശികളായ കുറച്ച് മിണ്ടാപ്രാണികളുടെ കൂടികാര്യമായതുകൊണ്ടാണ്. കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ പട്ടികളെ വളർത്തുന്നുണ്ട്. ഇഷ്ടം കൊണ്ടാണ് ആഗ്രഹം കൊണ്ടാണ്. അത് സന്തോഷം തരുന്നതുകൊണ്ടാണ്. ഇപ്പോൾ 7 പട്ടികളുണ്ട്. ഇതിൽ ഭൂരിഭാഗവും വഴിയോരത്ത് നിന്ന് കിട്ടിയവയാണ്. മനുഷ്യൻ കലിപ്പ് തീർക്കാൻ, വെട്ടും കൊലയും പരിശീലക്കാൻ , കാലോ കയ്യോ വെട്ടിയിട്ട പാവങ്ങളും ഇതിലുണ്ട്. ഇത് ഔദാര്യമോ കരുണയോ ഒന്നുമായി പറയുന്നില്ല. അതിനുമപ്പുറം സന്തോഷമാണ്.

ഇവയെ പരിപാലിക്കുക വലിയ ജോലിയാണ്. അതു കൊണ്ടു തന്നെ ഏറെ കാലമായി ഒരു ജോലിക്കാരനെ വച്ചിട്ടുണ്ട്. ഇപ്പോൾ അയാൾ ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് പോകുന്നു. ആ സമയത്താണ് പുതിയ ഒരു ജോലിക്കാരനായി പരസ്യം കൊടുത്തത് . (ഈ ദുരിതകാലത്ത് അങ്ങനെ ഒരാൾക്ക് ജോലി കിട്ടിയാൽ അതൊരു കുടുംബത്തിന് സഹായമാകുമല്ലൊ എന്ന തോന്നലും അതിലുണ്ടായി )

മോശം കാര്യങ്ങൾക്ക് സോഷ്യൽ മീഡിയയിലെ പുതിയ പേരാണ് പട്ടി ഷോ.. പക്ഷെ അത്രത്തോളം മോശക്കാരല്ല സർ പട്ടികൾ.  അവയോട് സ്നേഹവും കരുണയും സഹാനുഭൂതിയും കാണിക്കണമെന്നല്ല പറയുന്നത്, അത് കാണിക്കുന്നവരെ വെറുതെ വിടുകയെങ്കിലും ചെയ്യുക. എൻറെ ഈ പോസ്റ്റിനെ നെ ട്രോളിയവരോട് , അത് വാർത്തയാക്കുന്നവരോട് ഏറെ വിനയത്തോടെ ഒന്നേ പറയാനുള്ളു

ഇത് കാശിൻറെ തിളപ്പമല്ല സർ
കനിവാണ് സ്നേഹമാണ് സന്തോഷമാണ് .കാശുണ്ടങ്കിലും ഇല്ലങ്കിലും ഉള്ളതിലൊരു പങ്കെടുത്ത് ഞാനിത് ചെയ്തുകൊണ്ടേയിരിക്കുന്നു.

Follow Us:
Download App:
  • android
  • ios