പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗ് മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നു. സുഹൃത്ത് ശേഖർ ജ്യോതി ഗോസ്വാമിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖർ ജ്യോതി ഗോസ്വാമിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. സുബിന്റെ മുങ്ങിമരണത്തിനിടയാക്കിയ കപ്പൽ യാത്രയുടെ ഭാഗമായിരുന്നു ഗോസ്വാമി. ഏറെ നാളായി സുബീന്റെ സംഗീത പരിപാടികളിലും ഭാഗമായിരുന്നു. സിങ്കപ്പൂരിൽ നടക്കാനിരുന്ന നോർത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകൻ ശ്യാംകാനു മഹന്തയുടെ വീടുകളിലും അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സെപ്തംബർ 19 നാണ് സിംഗപ്പൂരിൽ നീന്തുന്നതിനിടെയുണ്ടായ അപകടത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്. 'ഗ്യാങ്സ്റ്റർ' എന്ന ഹിന്ദി സിനിമയിലെ 'യാ അലി' എന്ന ഗാനത്തിലൂടെയാണ് സുബീൻ ഗാർഗ് ദേശീയ ശ്രദ്ധ നേടിയത്. മൃതദേഹം നാട്ടിലെത്തിച്ച ശേഷം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് അസമിൽ സംസ്കരിച്ചു.
2 ഇടത്ത് പരിശോധന
സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘം സംഘം വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർത്ഥ ശർമ്മയുടെയും ശ്യാംകാനു മഹന്തയുടെയും വസതികളിൽ റെയ്ഡ് നടത്തിയത്. പരിശോധന നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. സുബീൻ ഗാർഗിന്റെ മരണം മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സിംഗപ്പൂരിൽ ആദ്യ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം അസമിൽ എത്തിച്ച് രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം കൂടി നടത്തിയിരുന്നു. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഫെസ്റ്റിവൽ സംഘാടകർ ഉൾപ്പെടെ ഗാർഗിനൊപ്പം സിംഗപ്പൂരിൽ പോയ എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ അന്വേഷണത്തിൽ വിശ്വാസമർപ്പിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.


