നി കൊ ഞാ ചാ, ലവകുശ എന്നീ സിനിമകള്‍ക്കു ശേഷം ഗിരീഷ് മനോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുത്തം നൂറ് വിധം'. ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍ പൃഥ്വിരാജ്, ആസിഫ് അലി, അജു വർഗ്ഗീസ്, മിഥുൻ മാനുവൽ തോമസ് എന്നിവര്‍ ചേർന്ന് പുറത്തിറക്കി. ചിത്രത്തിന്‍റെ രചനയും സംവിധായകനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം സ്കൈ ഫിലിംസ്.

ഗൗതം വസുദേവ് മേനോന്‍ ഉള്‍പ്പെടെ തമിഴിലെ നിരവധി പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ഡാനി റെയ്‍മണ്ട് ആണ് ഛായാഗ്രാഹകന്‍.  സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ മുന്ന പി എസ് ആണ്. കൗതുകകരമായ ടൈറ്റിൽ ടീസർ സംവിധാനം ചെയ്തിരിക്കുന്നത് ലക്ഷ്‍മി മരക്കാർ ആണ്. ടൈറ്റിൽ ടീസറിന്‍റെ എഡിറ്റിംഗ് സംഗീത് പ്രതാപും ഛായാഗ്രഹണം നീരജ് രവിയുമാണ്. ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളം, വർക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രീകരണം.