നടിമാരായ രാധയും അംബികയും തമ്മിലുള്ള സ്വത്ത് തർക്കം രൂക്ഷമായി. തന്റെ ചെക്കുകൾ മോഷ്ടിച്ച് അംബിക 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് രാധ ആരോപിച്ചു. എന്നാൽ ഈ ആരോപണം പൂർണ്ണമായും നിഷേധിച്ച അംബിക, രാധ തനിക്ക് 97 കോടി രൂപ നൽകാനുണ്ടെന്നും തന്റെ സ്വർണാഭരണങ്ങൾ തിരികെ നൽകിയില്ലെന്നും വ്യക്തമാക്കി.

ചെക്ക് മോഷ്ടിച്ച് 46 കോടി രൂപ കവർന്നെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നടി രാധയ്ക്ക് മറുപടിയുമായി സഹോദരിയും മുതിർന്ന സിനിമാ താരവുമായി അംബിക. രാധയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് പിന്നിലെന്നും സഹോദരി തനിക്ക് 97 കോടിയോളം രൂപ നൽകാനുണ്ടെന്നും അംബിക ആരോപിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ രാധയ്ക്ക് പിന്നാലെ അംബികയും വാർത്താസമ്മേളത്തിൽ വികാരാധീനയായി.

വെള്ളിത്തിരയിൽ ഒന്നിച്ച് തിളങ്ങിയ സഹോദരിമാർ തമ്മിലുള്ള കുടുംബവഴക്ക് കഴിഞ്ഞ ദിവസം രാധ ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തോടെയാണ് തെരുവിലേക്ക് എത്തിയത്. കമ്പനി ആവശ്യങ്ങൾക്കായി താൻ ഒപ്പിട്ട് സൂക്ഷിച്ചിരുന്ന 5 ചെക്ക് ലീഫുകൾ മോഷ്ടിച്ച് 46 കോടി രൂപ മാറിയെടുക്കാൻ അംബികയും സഹോദരൻ മല്ലികാർജുനയും ശ്രമിച്ചെന്നായിരുന്നു രാധയുടെ പരാതി. കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ കണ്ണീരോടെ സഹോദരിയുടെ വഞ്ചന വെളിപ്പെടുത്തിയ രാധയുടെ ആരോപണങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് അംബിക ഇന്ന് മാധ്യമങ്ങളെ കണ്ടത്.

വർഷങ്ങളായി തങ്ങൾ തമ്മിൽ തുടരുന്ന ബിസിനസ്സ് പങ്കാളിത്തത്തിലേക്കും സ്വത്തുക്കളെച്ചൊല്ലിയുള്ള തർക്കങ്ങളിലേക്കും വെളിച്ചം വീശുന്ന വെളിപ്പെടുത്തലുകളും അംബിക നടത്തി. താൻ കൂടി മുൻകയ്യെടുത്ത് തുടങ്ങിയ ARS ഗാർഡൻ സ്റ്റുഡിയോയിൽ നിന്ന് ഒഴിവാക്കിയത് അമ്പരപ്പിച്ചുവെന്നും അംബിക പറഞ്ഞു.

അവകാശം കൈമാറുന്നെന്ന രീതിയിൽ നൽകിയ ചെക്കുകളാണ് ഇപ്പോൾ കവർന്നെന്ന് രാധ ആരോപിക്കുന്നത്. തന്റെ കുറെ സ്വർണാഭരണങ്ങൾ രാധയുടെ പക്കലാണെന്നും അതിനെ കുറിച്ച് സംസാരിക്കുമ്പോൾ രാധ ഫോൺ എടുക്കാറില്ല എന്നും അംബിക പറഞ്ഞു. അമ്മയുടെ മരണശേഷമാണ് സഹോദരിയുമായുള്ള തർക്കം തുടങ്ങിയതെന്ന് പണത്തിനോടുള്ള രാധയുടെ ആവേശമാണ് ബന്ധങ്ങളിൽ വിള്ളലേൽപിച്ചതെന്നും അംബിക ആരോപിച്ചു. ചെക്ക് മടങ്ങിയ കേസിൽ രാധയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അംബിക വ്യക്തമാക്കി. ഈ വിവാദത്തിൽ ഇനി താൻ ഒരുവാക്ക് പോലും പറയില്ലെന്നും കണ്ണീരോടെ അംബിക പറഞ്ഞു.

YouTube video player