ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകൻ.
'മാസ്റ്ററി'ന് ശേഷം വിജയ്‍യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കമല്‍ഹാസൻ നായകനായ ചിത്രം 'വിക്രം' തീര്‍ത്ത ആവേശത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയുമുള്ളതാണ് 'ദളപതി 67'. ചിത്രത്തിന്റെ ഓരോ അപ്‍ഡേറ്റും ഓണ്‍ലൈനില്‍ തരംഗമാകുകയാണ്. ഇപ്പോഴിതാ 'ദളപതി 67'ലെ പുതിയൊരു അഭിനേതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
സംവിധായകൻ മിഷ്‍കിൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവന്നാണ് റിപ്പോര്‍ട്ട്. തൃഷ കൃഷ്‍ണൻ ആയിരിക്കും ചിത്രത്തിലെ നായിക എന്ന് ഡിടിനെക്സ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരം സഞ്‍ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ആക്ഷൻ കിംഗ് അര്‍ജുനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'ദളപതി 67'ല്‍ എന്തായാലും വൻ താരനിര തന്നെ അണിനിരക്കുമെന്ന് തീര്‍ച്ച.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക. ഡിസംബറില്‍ 'ദളപതി 67'ന്റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.'
കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹണം നിര്‍വഹിച്ച 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്‍നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്.
Read More: 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും
