ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'നടന്ന സംഭവം'; മോഷൻ പോസ്റ്റർ ഡിസൈൻ ചെയ്തത് സീറോ ഉണ്ണി.
ചെവി ചിറകാക്കിയ ശലഭങ്ങള്‍, തല സി.സി.ടി.വിയാക്കിയ മനുഷ്യര്‍... വിചിത്രമായ ഈ രംഗങ്ങള്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'നടന്ന സംഭവം' എന്ന സിനിമയുടെ മോഷന്‍ പോസ്റ്ററിൽ നിന്നാണ്.
30 സെക്കന്‍റ് ദൈര്‍ഘ്യമുള്ള മോഷൻ പോസ്റ്റര്‍ ഒരു ചുരുളഴിക്കും പോലെയാണ് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. തുടക്കത്തിൽ രണ്ടു ചെവികള്‍ ചേരുന്ന ഒരു ശലഭം പടര്‍ന്നുപോകുന്ന വള്ളിച്ചെടിയിലേക്ക് പറന്നടുക്കുന്നു. ഈ 'ചെവിശലഭം' എല്ലായിടത്തുമുണ്ട്.
കഥാപാത്രങ്ങളുടെ പ്രൊഫലുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പശ്ചാത്തലത്തിൽ പുതിയ രീതിയിലുള്ള മലയാളി മാളികകള്‍ കാണാം. ബാൽക്കണിൽ നിന്നും 'ഒളിഞ്ഞു' നോക്കുന്നവരുടെ കഴുത്തിന് മുകളിൽ തലയ്ക്ക് പകരം സി.സി.ടി.വി ക്യാമറകളാണ്.
മദ്യം നിറച്ച ഗ്ലാസ് പിടിച്ച കൈ, വിടര്‍ന്ന പൂവിനുള്ളിലിരുന്ന് ചുണ്ടുചേര്‍ത്ത് ഡിജിറ്റൽ അവതാറിനെ ചുംബിക്കുന്ന മനുഷ്യന്‍, വള്ളിച്ചെടിയിൽ കായ്ച്ച കണ്ണുകളുടെ ഷട്ടര്‍ ശബ്ദം, തലതിരിഞ്ഞ വീടുകള്‍, സുരാജിന്‍റെ കഥാപാത്രത്തിന്‍റെ ഹൃദയത്തിലേക്ക് പണിത ഏണിപ്പടികള്‍ എന്നിങ്ങനെ നിരവധി സന്ദര്‍ഭങ്ങള്‍ സൂക്ഷ്‍മമായി പോസ്റ്ററിൽ ചേര്‍ത്തിട്ടുണ്ട്.
ലിജോ മോള്‍, ജോണി ആന്‍റണി, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരാണ് മോഷന്‍ പോസ്റ്ററിലുള്ള മറ്റു അഭിനേതാക്കള്‍. നടന്ന സംഭവം എന്ന പേരിനൊപ്പം ഒരു * (നക്ഷത്രചിഹ്നം) കൂടെയുണ്ട്. അടിക്കുറിപ്പിനുള്ള സൂചികയായാണ് ഇത് സാധാരണ ഉപയോഗിക്കാറ്. 'നടന്ന സംഭവ'ത്തിന് ഇനിയും വിശദീകരിക്കാത്ത ട്വിസ്റ്റുകളുണ്ടെന്നാകാം അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്.
അടുത്തിടെ മലയാളത്തിലിറങ്ങിയ മോഷൻ പോസ്റ്ററുകളിൽ ഒരു പുത്തൻ ആശയമായ ഈ ഡിസൈൻ സീറോ ഉണ്ണിയുടെതാണ്. മോഷൻ പോസ്റ്റര്‍ റിലീസായി അധികം കഴിയും മുൻപെ 'ബ്രില്ല്യൻസ്' ചികയുന്ന ആസ്വാദകരുടെ ശ്രദ്ധയിലും പെട്ടു. പോസ്റ്ററിലെ കഥാപാത്രങ്ങള്‍ക്ക് മലയാളത്തിൽ മുൻപ് ഇറങ്ങിയ മറ്റു സിനിമകളിലെ കഥാപാത്രങ്ങളുമായുള്ള സാമ്യവും ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
വിഷ്‍ണു നാരായൺ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് അനൂപ് കണ്ണൻ, രേണു. എ എന്നിവര്‍ ചേര്‍ന്നാണ്. രാജേഷ് ഗോപിനാഥന്‍ ആണ് തിരക്കഥ.
