Asianet News MalayalamAsianet News Malayalam

'ദൈവം വലിയവനാണ്'; 'ഈശോ' ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ നാദിര്‍ഷ

സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്

nadhirshah reacts to high courts rejection of plea against eesho movie
Author
Thiruvananthapuram, First Published Aug 13, 2021, 8:55 PM IST

താന്‍ സംവിധാനം ചെയ്‍ത 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയില്‍ നാദിര്‍ഷയുടെ പ്രതികരണം. ഈ വാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് 'ദൈവം വലിയവനാണെ'ന്നാണ് നാദിര്‍ഷ കുറിച്ചത്.

ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെ പേര് ക്രിസ്ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാഴ്ചയിലേറെയായി പ്രചരണം നടക്കുന്നുണ്ട്. 'ഈശോ', നാദിര്‍ഷ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ 'കേശു ഈ വീടിന്‍റെ നാഥന്‍' എന്നീ ചിത്രങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി കെസിബിസിയും രംഗത്തെത്തിയിരുന്നു. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അതിനാല്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷന്‍ എന്ന സംഘടന ആണ്. 

എന്നാല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി, സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതുകൊണ്ട് കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്‍റേതാണ് തീരുമാനം. ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്‍കയും മാക്റ്റയും രംഗത്തെത്തിയിരുന്നു. 

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ജാഫര്‍ ഇടുക്കിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായിക നമിത പ്രമോദ് ആണ്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന 'ഈശോ'യില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്. രചന സുനീഷ് വരനാട്. കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ചിത്രീകരണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios