നദികളിൽ സുന്ദരി യമുന: 'എല്ലാവരുടെയും ഉള്ളിൽ ഒരു തളത്തിൽ ദിനേശൻ ഉണ്ട്'
'നദികളിൽ സുന്ദരി യമുന' സംവിധായകർ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും സംസാരിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ നായകനായ പുതിയ ചിത്രം 'നദികളിൽ സുന്ദരി യമുന' തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലബാറുകാരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ഒരുമിച്ച് കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്. കണ്ണൂരിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ.
'നദികളിൽ സുന്ദരി യമുന' ശ്രദ്ധിക്കപ്പെട്ടല്ലോ. പ്രേക്ഷകരുടെ പ്രതികരണങ്ങൾ എങ്ങനെയാണ്?
വിജേഷ് പാണത്തൂർ: തീർച്ചയായും. ഒരുപാട് പേർ വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു; വലിയ സന്തോഷം. നല്ല റിസൾട്ടിന് കാരണം കുടുംബപ്രേക്ഷകരാണ്. എനിക്ക് തോന്നുന്നു, വളരെ നാളിന് ശേഷമാണ് കുടുംബപ്രേക്ഷകർ തീയേറ്ററിലേക്ക് ഇത്രയധികം വരുന്നത്. വളരെയധികം തീയേറ്ററുകൾ വിസിറ്റ് ചെയ്തതിൽ നിന്ന് കുടുംബപ്രേക്ഷകർ സിനിമ ഏറ്റെടുത്തിട്ടുണ്ടെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്.
Photo: വിജേഷ് പാണത്തൂർ
ഈ സിനിമയെടുക്കും മുൻപ് നിങ്ങൾ രണ്ടുപേരും സജീവ സിനിമാ പ്രവർത്തകരായിരുന്നോ?
വിജേഷ് പാണത്തൂർ: എന്റെ തുടക്കം ഷോർട്ട് ഫിലിമുകൾ ചെയ്തായിരുന്നു. സത്യത്തിൽ ഞാൻ അഭിനയിക്കാനാണ് ആദ്യം പോയത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയിൽ ഏതാനും സീനുകളിൽ അഭിനയിച്ചു. പക്ഷേ, അത് സിനിമയിൽ വന്നില്ല. ആ സംഘത്തോടുള്ള ബന്ധം പക്ഷേ, വളരെ നല്ലതായിരുന്നു. ഇപ്പോഴും ഏത് കാര്യത്തിനും ദിലീഷേട്ടനെ (ദിലീഷ് പോത്തൻ) വിളിക്കാനുള്ള സൗഹൃദമുണ്ട്. ഈ സിനിമയെക്കുറിച്ചും ദിലീഷേട്ടനോട് സംസാരിച്ചിരുന്നു. പുള്ളിയാണ് ആദ്യത്തെ സപ്പോർട്ട് തന്നത്.
ഉണ്ണി വെള്ളോറ: ഞാൻ ഫോട്ടോഗ്രഫറാണ്. വർഷങ്ങളായി മലയാള സിനിമാമേഖലയിൽ ഉണ്ട്. ഏതാണ്ട് 25 സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴും സിനിമ സംവിധാനം ചെയ്യണം എന്നത് തന്നെയായിരുന്നു ആഗ്രഹം.
നിങ്ങൾ രണ്ടുപേരുടെയും ആദ്യ സിനിമയാണല്ലോ 'നദികളിൽ സുന്ദരി യമുന'. എങ്ങനെയാണ് നിങ്ങൾ പരിചയപ്പെടുന്നത്?
വിജേഷ് പാണത്തൂർ: ഞങ്ങൾ 2015-ൽ മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ചാണ് പരിചയപ്പെട്ടത്. ആ സൗഹൃദമാണ് ഇപ്പോൾ ഈ സിനിമയിൽ എത്തിച്ചത്. 2016-ൽ ആണ് ഈ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങിയത്. മറ്റു ചില സ്ക്രിപ്റ്റുകളും ചെയ്തിട്ടുണ്ട്.
ഈ സിനിമയുടെ കഥയിലേക്ക് എങ്ങനെയാണ് എത്തിയത്?
വിജേഷ് പാണത്തൂർ: ഈ സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്. എൻറെ നാടായ പാണത്തൂരിൽ നടന്ന സംഭവമാണിത്. ഈ വിഷയം സംസാരിച്ചപ്പോൾ ഉണ്ണി ഇത് സിനിമയാക്കാം എന്ന് പറഞ്ഞു. കഥാപാത്രങ്ങൾക്ക് നാട്ടിൻപുറത്തുള്ള ആളുകളെ തന്നെയാണ് ഉപയോഗിച്ചത്. പക്ഷേ, വിദ്യാധരൻ എന്ന കഥാപാത്രത്തെ പൂർണമായും സൃഷ്ടിച്ചതാണ്.
'നദികളിൽ സുന്ദരി യമുന'യിൽ മുഖ്യ കഥാപാത്രം ധ്യാൻ ശ്രീനിവാസൻ ആണല്ലോ. മലയാളി അല്ലാത്ത പ്രഗ്യ നഗ്രയാണ് നായിക. എങ്ങനെയാണ് ഈ കഥാപാത്രങ്ങളാകാൻ ഇവരെ തെരഞ്ഞെടുത്തത്?
വിജേഷ് പാണത്തൂർ: ഏകദേശം 35 വയസ്സുള്ളയാളാണ് ഈ സിനിമയിലെ നായകൻ. ഇന്നത്തെ ചെറുപ്പക്കാർക്ക് പെണ്ണുകിട്ടാത്ത വിഷയം ഒരു ചർച്ചയാണല്ലോ. ഇത് മലബാറിൽ മാത്രമുള്ള വിഷയവുമല്ല. ബിവറേജിൽ താൽക്കാലിക ജീവനക്കാരനായ 'കണ്ണന്' പോലും പെണ്ണ് കിട്ടുന്നില്ല, അപ്പോൾ ബാക്കിയുള്ള സാധരണക്കാരുടെ കാര്യം പറണ്ടേല്ലോ. വളരെ അലസനായ ഒരു കഥാപാത്രമായിരുന്നു ഇത്. പലരും ചോദിച്ചു ധ്യാൻ ശ്രീനിവാസനെ തെരഞ്ഞെടുക്കണോ, റിസ്ക് അല്ലേ എന്ന്. പക്ഷേ, ഈ കഥാപാത്രം ചെയ്യാൻ അയാളെ ആവശ്യമായിരുന്നു എന്നതാണ് വാസ്തവം. എന്തുകൊണ്ട് പ്രഗ്യ എന്ന ചോദ്യത്തിന് മലയാളം അറിയാത്ത ഒരാൾ വേണമെന്നതായിരുന്നു കാരണം. മലയാളി കന്നഡ പറഞ്ഞാൽ അതിൽ മലയാളത്തിന്റെ ശൈലിയുണ്ടാകും. പ്രഗ്യ കശ്മീരിൽ നിന്നുള്ളയാളാണ്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകൾ സംസാരിക്കും. ഈ ഷൂട്ട് കഴിഞ്ഞപ്പോൾ മലയാളവും നന്നായി സംസാരിക്കാൻ അവർ പഠിച്ചു.
ധ്യാൻ ശ്രീനിവാസന്റെ കാര്യത്തിലേക്ക് വന്നാൽ, ധ്യാൻ സിനിമകളെക്കാൾ അഭിമുഖങ്ങൾ കൊണ്ടാണല്ലോ അറിയപ്പെടുന്നത്. ധ്യാനിന്റെ സിനിമക്ക് പുറത്തുള്ള 'പ്രകടനങ്ങൾ' സിനിമയെ ബാധിക്കുമെന്ന് പേടിയുണ്ടായിരുന്നോ?
വിജേഷ് പാണത്തൂർ: ഒരിക്കലുമില്ല. ധ്യാനെ എല്ലാവർക്കും അറിയാം. ഉള്ളിലൊന്നും വെക്കാതെ എല്ലാം തുറന്നു പറയുന്ന ആളാണ് ധ്യാൻ.
ഉണ്ണി വെള്ളോറ: നമുക്ക് എല്ലാവർക്കും ധ്യാനെ ഇഷ്ടമല്ലേ! അയാൾ അങ്ങനെ തന്നെയാണ്, വളരെ ജെനുവിൻ ആണ്. ക്യാമറ ഓഫ് ചെയ്യുമ്പോൾ മറ്റൊരു മനുഷ്യൻ അല്ല ധ്യാൻ. അങ്ങനെയുള്ള ധ്യാനെ തന്നെയാണ് നമുക്കും വേണ്ടിയിരുന്നത്. അത് കൃത്യമായി ഈ സിനിമയിൽ കിട്ടി.
ധ്യാൻ ഉടനടി അഭിനയിക്കാൻ സമ്മതം പറഞ്ഞോ? പ്രത്യേകിച്ചും നിങ്ങൾ പുതുമുഖ സംവിധായകരാണ്, ധ്യാനിന്റെ മുൻ സിനിമകൾ പലതും പരാജയപ്പെട്ടിരുന്നു. എങ്ങനെയാണ് ധ്യാൻ അഭിനയിക്കാൻ സമ്മതിച്ചത്?
വിജേഷ് പാണത്തൂർ: ധ്യാനെ മുൻപ് മറ്റൊരു സെറ്റിൽ വച്ചാണ് കണ്ടത്. അദ്ദേഹം വൺലൈൻ കേട്ടു, സിനിമ ചെയ്യാം എന്ന് പറഞ്ഞു. പിന്നീട് സ്ക്രിപ്റ്റ് അയച്ചുകൊടുക്കാൻ പറഞ്ഞു. ആദ്യ പകുതി വായിച്ചിട്ട് ഇഷ്ടമായി എന്ന് വിളിച്ചു പറഞ്ഞു. ധ്യാന് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. അതെല്ലാം ഞങ്ങൾ ക്ലിയർ ചെയ്തുകൊടുത്തു. ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് സെക്കൻഡ് ഹാഫും വായിച്ചു കഴിഞ്ഞ് വിളിച്ചു. ആദ്യമായിട്ടാണ് ഒരു സ്ക്രിപ്റ്റ് മുഴുവൻ വായിക്കുന്നതെന്നായിരുന്നു അന്ന് പറഞ്ഞത്.
മറ്റൊരു പ്രധാന കഥാപാത്രം ചെയ്തത് അജു വർഗീസ് ആണല്ലോ. എന്തുകൊണ്ടാണ് അജുവിനെ തെരഞ്ഞെടുത്തത്?
വിജേഷ് പാണത്തൂർ: വിദ്യാധരൻ എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ആദ്യം മനസ്സിൽ വന്നത് അജുവാണ്. അജു-ധ്യാൻ കോംബിനേഷൻ വർക്ക് ആകുമെന്ന് ഉറപ്പായിരുന്നു. ഈ വേഷം അജു വർഗീസ് പരമാവധി നന്നാക്കിയിട്ടുണ്ട്.
ഈ സിനിമ പുറത്തിറങ്ങിയതിന് ശേഷം ചർച്ചയായ രണ്ടു കാര്യങ്ങൾ 'തളത്തിൽ ദിനേശൻ' റഫറൻസും 'വരവേൽപ്പി'ലെ 'വെള്ളാരപ്പൂമല മേലെ' പാട്ടുമാണ്. ഈ എലമെന്റുകൾ എങ്ങനെയാണ് സിനിമയിൽ ഉൾപ്പെടുത്തിയത്?
വിജേഷ് പാണത്തൂർ: 'തളത്തിൽ ദിനേശൻ' റഫറൻസ് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. ഞങ്ങൾ മുൻപ് അതേക്കുറിച്ച് ചിന്തിച്ചു പോലുമില്ല. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിച്ചാൽ എല്ലാവരും അങ്ങനെയാകും എന്നതാണ് തോന്നുന്നത്. നമ്മളൊക്കെ നാട്ടിൻപുറത്തുകാരല്ലേ... അങ്ങനെയായിരിക്കും ചിന്തിക്കുക.
ഉണ്ണി വെള്ളോറ: നമ്മുടെയെല്ലാം ഉള്ളിന്റെയുള്ളിൽ ഒരു തളത്തിൽ ദിനേശൻ ഉണ്ട്. ആ ദിനേശനാണ് ഈ സിനിമയിലും പുറത്തുവന്നത്.
Photo: ഉണ്ണി വെള്ളോറ
പാട്ട് എങ്ങനെയാണ് വന്നത്?
വിജേഷ് പാണത്തൂർ: ആ സീൻ ഒരു മ്യൂസിക്കൽ മൊണ്ടാഷ് ആയിരുന്നു ആലോചിച്ചിരുന്നത്. വിഷ്വൽ ചെയ്തപ്പോൾ ധ്യാൻ ശ്രീനിവാസൻ തന്നെയാണ് പറഞ്ഞത് 'വെള്ളാരപ്പൂമല മേലെ' ഉപയോഗിച്ചാലോ എന്ന്. ധ്യാന്റെ മുത്തച്ഛന്റെ തന്നെ ജീവിതകഥയായിരുന്നു 'വരവേൽപ്പ്'. അങ്ങനെ പാട്ട് ഉപയോഗിച്ചു.
ഇപ്പോൾ ഇരട്ട സംവിധായകരായി സിനിമ ചെയ്തു. ഭാവിയിലും ഈ പങ്കാളിത്തം തുടരുമോ?
ഉണ്ണി വെള്ളോറ: അടുത്ത സിനിമയെക്കുറിച്ച് പോലും ഇപ്പോൾ ചിന്തിച്ചിട്ടില്ല. എഴുതിയ തിരക്കഥകൾ ഉണ്ട്. ഇനി പുതിയ പ്രോജക്റ്റുകൾ വരട്ടെ, അപ്പോൾ നമ്മൾ ഒരുമിച്ച് വേണമെന്നാണെങ്കിൽ അങ്ങനെ തന്നെ തുടരും.
വിജേഷ് പാണത്തൂർ: നിലവിൽ പ്രശനങ്ങളൊന്നുമില്ല. പിന്നെ, മനുഷ്യന്മാരല്ലേ ഭായ്!
(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)