യുഡിഎഫ് മന്ത്രിസഭയെ ട്രോളി നാദിറ.
കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റിരിക്കുകയാണ്. വിഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ മന്ത്രിസഭയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്പേഴ്സണും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ നാദിറ മെഹ്റിൻ. പിണറായി മന്ത്രിസഭയിൽ നെപ്പോട്ടിസം ഉണ്ടെന്നു പറയുന്നവർ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നോക്കൂ എന്നാണ് കണക്കുകൾ നിരത്തി നാദിറ പറയുന്നത്.

''ട്രോളുകൾക്ക് വിരാമമിട്ട് ഇന്ന് യുഡിഎഫ് മന്ത്രിസഭ അധികാരത്തിൽ എത്തിയിരിക്കുകയാണ്. മന്ത്രിമാരെയൊക്കെ തിരഞ്ഞെടുത്തു. എന്തായാലും സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് സർക്കാരിന് എല്ലാവിധ ആശംസകളും. ജനാധിപത്യത്തിന്റെ സൗന്ദര്യം കാണണമെങ്കിൽ നമ്മൾ യുഡിഎഫിന്റെ മന്ത്രിസഭയിലേക്ക് ഒന്ന് എത്തിനോക്കിയാൽ മതി. കെ.കരുണാകരന്റെ മകൻ മന്ത്രിയാകുന്നു, സീതി ഹാജിയുടെ മകൻ മന്ത്രിയാകുന്നു, ടിഎം ജേക്കബ്ബിന്റെ മകൻ മന്ത്രിയാകുന്നു, ഇബ്രാഹിം കുഞ്ഞിന്റെ മകൻ മന്ത്രിയാകുന്നു, ബേബി ജോണിന്റെ മകൻ മന്ത്രിയാകുന്നു, വികെ ശ്രീകണ്ഠന്റെ ഭാര്യ മന്ത്രിയാകുന്നു.
ജനാധിപത്യത്തിന്റെ സൗന്ദര്യം ഉയർത്തിപ്പിടിക്കുകയെന്നാൽ ഈ തലമുറക്കൈമാറ്റം ആണെന്നുള്ളത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ചാണ്ടി ഉമ്മനെ ഒഴിവാക്കിയത് വളരെ മോശമായിപ്പോയി. ഞങ്ങൾ യുവാക്കൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ചാണ്ടി ഉമ്മൻ മന്ത്രിസഭയിൽ എത്താനായിരുന്നു. എന്തൊക്കെ സംഭവിച്ചാലും പിണറായി വിജയന്റെ നെപ്പോട്ടിസം തുലയട്ടെ എന്ന് ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുക'', നാദിറ പറഞ്ഞു.
