അത് ഒഫിഷ്യല്‍; നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു; വിവാഹ നിശ്ചയ ചിത്രങ്ങളുമായി നാഗാര്‍ജുന
ഇന്ന് രാവിലെ ആയിരുന്നു വിവാഹ നിശ്ചയം
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുനയുടെ അറിയിപ്പ്.
"ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍. ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. 8.8.8, അനന്തമായ സ്നേഹത്തിന്‍റെ തുടക്കം", വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു.
നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ലാണ് നടന്‍ വേര്‍പെടുത്തിയത്. ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിംഗ് സെഷനില്‍ നിന്നുള്ള നാഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.
ബോളിവുഡ് ചിത്രം രമണ്‍ രാഘവ് 2.0 യിലൂടെ 2016 ലാണ് ശോഭിത ധൂലിപാലയുടെ സിനിമാ അരങ്ങേറ്റം. അദിവി സേഷ് നായകനായ ഗൂഢാചാരി എന്ന ചിത്രത്തിലൂടെ 2018 ലാണ് ശോഭിത തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളായ സിനിമാപ്രേമികള്‍ക്കും പരിചിതയാണ് ശോഭിത ധൂലിപാല.
ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്