നാഗാര്‍ജുന നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍. 

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് 'ദ ഗോസ്റ്റ്'. പ്രവീണ്‍ സട്ടരു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഇപ്പോഴിതാ 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും 'ദ ഗോസ്റ്റ്' എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അനിഖ സുരേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ് ജി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റെ'ന്ന ചിത്രത്തിന്റെ ചിത്രസംയോജനം ധര്‍മേന്ദ്രയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിനാണ് റിലീസ് . 'വിക്രം ഗാന്ധി'യെന്ന കഥാപാത്രമാണ് നാഗാര്‍ജുനയുടേത്. സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

നാഗാര്‍ജുന നായകനാകുന്ന നൂറാമത്തെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടുത്തിടെ മോഹൻ രാജ നാഗാര്‍ജുനയുമായി കൂടിക്കാഴ്‍ച നടത്തുകയും കഥ കേള്‍പ്പിക്കുകയും ചെയ്‍തിരുന്നു കഥ ഇഷ്‍ടപ്പെട്ട നാഗാര്‍ജുന ചിത്രത്തിനായി സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ മകൻ അഖില്‍ അക്കിനേനിയും ചിത്രത്തില്‍ ഉണ്ടാകും. അതിഥി വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ അഖില്‍ അക്കിനേനിയുണ്ടാകുക എന്നുമാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്.

അഖില്‍ അക്കിനേനിയുടേതായി 'ഏജന്റെ'ന്ന ചിത്രമാണ് റിലീസ് ചെയ്യാനുള്ളത്. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം രാകുൽ ഹെരിയൻ. മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ത്രില്ലർ 'ബോൺ' സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്നതാണ്. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. 'ഏജന്റ്' എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പാൻ ഇന്ത്യൻ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക.

Read More : ദൃശ്യപ്പൊലിമയില്‍ 'ബ്രഹ്‍മാസ്‍ത്ര', വീഡിയോ ഗാനം പുറത്തുവിട്ടു