കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. രമേശ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

സിനിമയിലെ പല വിഭാഗങ്ങളിലെയും അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ സിനിമകളുടെ എന്‍ഡ് ക്രെഡിറ്റ്സില്‍ മാത്രമാണ് മിക്കപ്പോഴും കാണാറ്. ഇപ്പോഴിതാ അവര്‍ എല്ലാവരുടെയും പേരുകള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഒരു ചിത്രം. രമേശ് പിഷാരടിയെ (Ramesh Pisharody) നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നോ വേ ഔട്ട്' (No Way Out) എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലാണ് ഈ കൗതുകം. 

വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളെ അസിസ്റ്റന്‍റുമാര്‍, ക്രെയിന്‍, ലൈറ്റ് യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ തുടങ്ങി നാല്‍പതോളം അണിയറക്കാരുടെ പേരുവിവരങ്ങള്‍ പോസ്റ്ററിലുണ്ട്. കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. രമേശ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം എറണാകുളത്താണ് പൂര്‍ണ്ണമായും ചിത്രീകരിച്ചത്. ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പുതിയ നിർമാണ കമ്പനിയായ റിമൊ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ, കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, പിആർഒ മഞ്ജു ഗോപിനാഥ്.