നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന 'ദി പാരഡൈസ്' ചിത്രീകരണം ആരംഭിച്ചു. 1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇത്.

ഹൈദരാബാദ്: തെലുങ്ക് സിനിമാലോകത്തെ പ്രിയതാരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു. 2023-ൽ ഇരുവരും ഒന്നിച്ച ‘ദസറ’എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂൺ 21-ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നാനി ജൂൺ 28 സെറ്റിൽ ജോയിൻ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു.

ഹൈദരാബാദിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് നടക്കുന്നത് ഇതിൽ പ്രധാന കഥാപാത്രങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കും. ‘ദി പാരഡൈസ്’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്, ശ്രീകാന്ത് ഒഡേല തന്നെ തിരക്കഥ രചിച്ച 1980-കളിലെ സെക്കന്തരാബാദിന്റെ പശ്ചാത്തലത്തില്‍ അനീതിയോടും അസമത്വത്തിനോടും പോരാടുന്നവരുടെ കഥയാണ്.

നാനിയുടെ കഥാപാത്രം അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ഗോത്രവർഗത്തിന്റെ നേതാവായി മാറുന്ന അണ്ടര്‍ ഡോഗ് കഥയാണ് ചിത്രം പറയുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ചിത്രത്തിനായുള്ള നാനിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. ‘ദസറ’യില്‍ തെലുങ്ക് സിനിമയിൽ ഒരു ഗ്രാമീണ, റസ്റ്റിക് കഥാപാത്രമായി തിളങ്ങിയ നാനി, ‘ദി പാരഡൈസി’ൽ ഒരു ശക്തമായ ആക്ഷൻ ഹീറോ വേഷത്തിലായിരിക്കും എന്നാണ് വിവരം.

ബോളിവുഡ് നടി സൊനാലി കുൽക്കർണി ചിത്രത്തില്‍ നായിക വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ‘കിൽ’ എന്ന ബോളിവുഡിലെ വന്‍ ഹിറ്റായ ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയാൽ വില്ലനായി എത്തിയേക്കുമെന്നും സൂചനകളുണ്ട്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ്. ‘ജേഴ്സി’, ‘ഗ്യാങ് ലീഡർ’ തുടങ്ങിയ നാനി ചിത്രങ്ങളിൽ അനിരുദ്ധ് സംഗീതം നല്‍കിയിട്ടുണ്ട്. സുധാകർ ചെറുകുരിയുടെ എസ്എൽവി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 100 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഒരു വമ്പൻ പ്രോജക്ടാണ്. ജി.കെ. വിഷ്ണു ഛായാഗ്രഹണവും, നവീൻ നൂലി എഡിറ്റിംഗും, അവിനാശ് കോല്ല പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു.

‘ദി പാരഡൈസ്’ 2026 മാർച്ച് 26-ന് തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്യും എന്നാണ് വിവരം. നാനിയുടെ മുൻ ചിത്രമായ ‘ഹിറ്റ്: ദി തേർഡ് കേസ്’ (2024) വൻ വിജയമായിരുന്നു.