ജനുവരി 27ന് എത്തേണ്ടിയിരുന്ന ചിത്രം

ടൊവീനോ തോമസിനെ (Tovino Thomas) നായകനാക്കി ആഷിക് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന നാരദന്‍ (Naradan) ഏറെ വൈകാതെ തിയറ്ററുകളിലെത്തും. നേരത്തെ ജനുവരി 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു. മാര്‍ച്ച് 3 ആണ് പുതിയ റിലീസ് തീയതി. 

'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് നാരദന്‍. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത 'മിന്നല്‍ മുരളി'ക്കു ശേഷം ടൊവീനോയുടേതായി പുറത്തെത്തുന്ന ചിത്രവുമാണ് നാരദന്‍. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്.

ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായിക. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, പശ്ചാത്തലസംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്, സൈജു ശ്രീധരന്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, സ്റ്റില്‍സ് ഷാലു പേയാട്, സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം ഒപിഎം സിനിമാസ്.