മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ മലയാളത്തിലെ പേര് 'അദൃശ്യ'മെന്നും തമിഴ് പേര് 'യുകി' എന്നുമാണ്

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജോജു ജോര്‍ജ്, നരെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ മലയാളത്തിലെ പേര് 'അദൃശ്യ'മെന്നും തമിഴ് പേര് 'യുകി' എന്നുമാണ്. ചിത്രത്തിന്‍റ മോഷന്‍ പോസ്റ്ററുകള്‍ പുറത്തെത്തി. 

YouTube video player

നരെയ്ന്‍, പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവര്‍ മലയാളം, തമിഴ് പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്. കതിര്‍, നട്ടി നടരാജന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവര്‍ തമിഴ് പതിപ്പില്‍ ഉണ്ട്. ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് പാട്ടുകളും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ദ്വിഭാഷാ ചിത്രം ഒരുക്കണമെന്ന തരത്തിലുള്ള ആലോചനയില്‍ നിന്നല്ല ചിത്രം രൂപപ്പെട്ടതെന്നും തമിഴിലും മലയാളത്തിലും സ്വീകാര്യത കിട്ടുന്ന വിഷയമെന്ന് തോന്നിയതിനാലാണ് ഈ തരത്തില്‍ ഒരുക്കിയതെന്നും സംവിധായകന്‍ സാക് ഹാരിസ് പറയുന്നു. "ഒരു നവാഗത സംവിധായകന് കിട്ടാവുന്ന വലിയ അവസരമാണ് ഈ വലിയ താരനിര. പലപ്പോഴും ദ്വിഭാഷാ ചിത്രങ്ങളില്‍ രണ്ട് പതിപ്പിലും ഒരേ താരനിരയാണ് വരാറ്. ഇത് പക്ഷേ വ്യത്യസ്ത താരനിരയാണ്", സാക് ഹാരിസ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഈ ദ്വിഭാഷാ സിനിമ ചിത്രീകരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona