ആസിഫ് അലിയുടെ ഹയസ്റ്റ് ബജറ്റ് ചിത്രം

ആസിഫ് അലിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് ടിക്കി ടാക്ക. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ എത്തുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്‍റെ തീരനിരയും ശ്രദ്ധേയമാണ്. നസ്‍ലെന്‍ ആണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ നസ്‍ലെന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. സംവിധായകന്‍ രോഹിത് വി എസ് നസ്‍ലെന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിട്ടുണ്ട്. ഒരു കടല്‍ത്തീരത്ത് വലതുകൈയില്‍ തോക്കുമായി നില്‍ക്കുന്ന നസ്‍ലെന്‍ ആണ് ചിത്രത്തില്‍.

കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ മുട്ടുകാലിനു ഗുരുതരമായി പരുക്കേൽറ്റതിനെ ആസിഫ് അലി അഞ്ച് മാസത്തെ വിശ്രമം എടുത്തിരുന്നു. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

ആസിഫ് അലിക്കും നസ്‍ലെനുമൊപ്പം ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെജിഎഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ വൈറൽ ആയിരുന്നു. നൂറ്റി ഇരുപത് ദിവസം കേരളത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുക. വിവിധ ഗെറ്റപ്പുകളിൽ ആണ് ആസിഫ് ചിത്രത്തിൽ എത്തുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്