യന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് 'മൂക്കുത്തി അമ്മന്‍'. തൊണ്ണൂറുകളില്‍ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ എത്തിയിരുന്നു. അതേ മാതൃകയില്‍ എന്നാല്‍ 'സാമൂഹിക പ്രതിബന്ധത'യുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നത്. ദീപാവലി റിലീസായി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തുക. അതേമസയം, ഈ തലമുറയിലെ രമ്യാ കൃഷ്ണനാണ് നയന്‍താരയെന്നാണ് സംവിധായകന്‍ ആര്‍ ജെ ബാലാജി പറയുന്നത്.

ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ബാലാജിയുടെ പരാമർശം, നയന്‍താരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.“നേരത്തേയും നിരവധി പേര്‍ അമ്മനായിട്ടുണ്ട്. രമ്യാകൃഷ്ണന്‍ അമ്മനാകുമ്പോള്‍ അവരുടെ കണ്ണില്‍ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടന്‍മാരോടുള്ള വൈരാഗ്യവും കാണാം. ഈ തലമുറയിലെ കുട്ടികള്‍ കഴിഞ്ഞ 20 വര്‍ഷമായി പുതിയ അമ്മനെ കണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം നയന്‍താര ഈ കാലത്തെ രമ്യാകൃഷ്ണനായിരിക്കും“, ബാലാജി പറഞ്ഞു.

ഒടിടി റിലീസ് ആയി എത്തുന്ന ചിത്രത്തിൽ ആര്‍ ജെ ബാലാജിയും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
നേരത്തെ നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍ രംഗത്തെത്തിയിരുന്നു. വിവാഹിതനായ ആളുമായി പ്രണയബന്ധം തുടർന്ന നയൻതാരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിന്നതെന്നും ഇത് അപമാനകരമാണെന്നും മീര പഞ്ഞിരുന്നു. വിനോദവും ഭക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അനാവശ്യമായി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമായിരുന്നു പലരും മീരയ്ക്ക് മറുപടി നൽകിയിരുന്നത്.