മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത 'നായാട്ടി'ല്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

94-ാമത് അക്കാദമി അവാര്‍ഡിനുള്ള (94th Academy Awards) ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി (India's Official Oscar Entry) ആവാനുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ച് മലയാളചിത്രം 'നായാട്ട്' (Nayattu). യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളുണ്ട് ലിസ്റ്റില്‍. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ കണ്ട് വിലയിരുത്തി അന്തിമ പ്രഖ്യാപനം നടത്തുക. 

കൊല്‍ക്കത്ത ഭൊവാനിപൂരിലുള്ള ബിജോളി സിനിമയിലാണ് ജൂറിക്കുവേണ്ടിയുള്ള സിനിമാ പ്രദര്‍ശനം. ഷാജി എന്‍ കരുണ്‍ ഉള്‍പ്പെടെ 15 പേര്‍ അടങ്ങുന്നതാണ് ജൂറി. ഓസ്‍കറില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ചിത്രം ഏതെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാവും. 2022 മാര്‍ച്ച് 27നാണ് 94-ാമത് ഓസ്‍കര്‍ അവാര്‍ഡ് ചടങ്ങുകള്‍ നടക്കുക. 

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത 'നായാട്ടി'ല്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചന ഷാഹി കബീര്‍ ആണ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് നെറ്റ്ഫ്ളിക്സ് റിലീസിലൂടെ വ്യാപകശ്രദ്ധ നേടിയിരുന്നു. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ ബാനറുകളില്‍ സംവിധായകന്‍ രഞ്ജിത്ത്, പി എം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണം. 'ചാര്‍ലി' പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‍ത ചിത്രമാണിത്.