പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം

തെലുങ്ക് സിനിമയില്‍ തന്‍റേതായ വഴികളിലൂടെ സഞ്ചരിക്കുന്നയാളാണ് നന്ദമുറി ബാലകൃഷ്ണ (Nandamuri Balakrishna). ബാലകൃഷ്ണയുടെ അഭിനയത്തെയും പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങളെയുമൊക്കെ ഒരു വിഭാഗം പരിഹസിക്കാറുള്ളപ്പോള്‍ അദ്ദേഹത്തെ സ്ക്രീനില്‍ കാണുന്നതില്‍ തന്നെ ആവേശം അനുഭവിക്കുന്ന ആരാധക സംഘവുമുണ്ട്. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ അഖണ്ഡ. ബാലകൃഷ്ണയുടെ ആദ്യ 100 കോടി ക്ലബ്ബ് ആയ ചിത്രം തെലുങ്ക് സിനിമയുടെ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും നന്നായി കളക്റ്റ് ചെയ്‍തിരുന്നു. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലകൃഷ്ണ നായകനാവുന്ന ചിത്രം (NBK 107) സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മലിനേനിയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഒരു ലൊക്കേഷന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ചിത്രത്തില്‍ ബാലകൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് അധികം വിവരങ്ങള്‍ പുറത്തെത്തിയിരുന്നില്ലെങ്കിലും പുതിയ ലൊക്കേഷന്‍ ചിത്രത്തില്‍ നിന്നും ഒരു രാഷ്ട്രീയ നേതാവായാണ് അദ്ദേഹം എത്തുന്നതെന്നാണ് സൂചന. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം ദുനിയ വിജയ് ആണ്. പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമന്‍ ആണ് സംഗീതം. റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.

Scroll to load tweet…

അതേസമയം രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. 2010ലാണ് ഈ ചിത്രം എത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്‍ത് പുറത്തെത്തിയത്.

ALSO READ : 'സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള'; തീരുമാനം പറഞ്ഞ് ലോകേഷ് കനകരാജ്