കന്നഡയിലും ഹിന്ദിയിലും തമിഴിലും അഭിനയിച്ചതിനു ശേഷമാണ് നേഹ സക്സേന മലയാളത്തിലേക്ക് എത്തിയത്. ഇവിടെ ആദ്യചിത്രങ്ങള്‍ തന്നെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം. ചുരുക്കം ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയതാരമായി മാറിയ നേഹയുടെ പുതിയ ചിത്രം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ആറാട്ട്' ആണ്. മോഹന്‍ലാലിനൊപ്പം ഇത് രണ്ടാമത്തെ ചിത്രമാണ് നേഹയ്ക്ക്. ജിബു ജേക്കബിന്‍റെ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' ആയിരുന്നു ആദ്യചിത്രം. തന്നെ ഒരു മോഹന്‍ലാല്‍ ആരാധികയാക്കിയ നേരനുഭവത്തെക്കുറിച്ച് പറയുകയാണ് നേഹ. 

"ലാലേട്ടനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ രണ്ടാമതും ഒരു അവസരം നല്‍കിയതിന് ദൈവത്തോട് നന്ദി. നമ്മളെ സ്വാഗതം ചെയ്യുന്ന, പിന്തുണയ്ക്കുന്ന, ഒരു തരത്തിലുമുള്ള ഈഗോയോ തെറ്റായ മനോഭാവമോ ഇല്ലാത്ത, പോസിറ്റീവ് ആയ വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിനൊപ്പം എന്‍റെ ആദ്യ മലയാളചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിന്‍റെ ചിത്രീകരണസമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം എനിക്ക് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ സംഭാഷണങ്ങള്‍ പഠിക്കുന്നതില്‍ അദ്ദേഹം സഹായിച്ചു. ആ ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാക്കിയത്. ഇത്തവണ ആറാട്ടിന്‍റെ സെറ്റില്‍ അദ്ദേഹത്തെ കാണുന്ന സമയത്തും എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ ചിരിയും സ്വാഗതം ചെയ്യുന്ന മനോഭാവവും എനിക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കി. നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ഗുണം. അദ്ദേഹത്തിനൊപ്പം രണ്ടാമത്തെ ചിത്രമായ ആറാട്ടില്‍ അഭിനയിക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്", നേഹ സക്സേന ഫേസ്ബുക്കില്‍ കുറിച്ചു.

 

'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് ആറാട്ടിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ പേര്, 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.