ദളപതി വിജയിയുടെ 'തെരി' പത്താം വാർഷികത്തോടനുബന്ധിച്ച് ആഗോളതലത്തിൽ റീ-റിലീസ് ചെയ്യുന്നു. അതേസമയം, വിജയിയുടെ പുതിയ ചിത്രമായ 'ജനനായകൻ' സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങൾ കാരണം പൊങ്കൽ റിലീസിൽ നിന്ന് വൈകാൻ സാധ്യതയുണ്ട്.
ചെന്നൈ: ദളപതി വിജയ് ആരാധകർക്ക് മധുരപ്രതികാരമായി 'തെരി' സിനിമയുടെ റീ-റിലീസ് പ്രഖ്യാപിച്ചു. വിജയിയുടെ പുതിയ ചിത്രം 'ജനനായകൻ' പൊങ്കൽ റിലീസിനായി എത്താൻ സാധ്യത കുറവായ സാഹചര്യത്തിലാണ് പത്താം വാർഷികത്തോടനുബന്ധിച്ച് തെരി വീണ്ടും ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്. പ്രമുഖ നിർമ്മാതാവ് കലൈപ്പുലി എസ്. താണു ആണ് ജനുവരി 15ന് തെരിയുടെ റീ-റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2016-ൽ റിലീസ് ചെയ്ത ചിത്രം പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ ആഗോള റിലീസ്.
ഡിസിപി വിജയകുമാറായും ജോസഫ് കുരുവിളയായും വിജയ് പകർന്നാടിയ ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സാമന്ത, എമി ജാക്സൺ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഇതിനകം നിരവധി ഭാഷകളിൽ തെരിയുടെ റീമേക്ക് റിലീസ് ചെയ്തിട്ടുണ്ട്.
ജനനായകൻ വൈകും
വിജയിയുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന 'ജനനായകൻ' സെൻസർ ബോർഡുമായുള്ള നിയമതർക്കങ്ങളെത്തുടർന്ന് റിലീസ് നീണ്ടുപോയേക്കും. ഡിസംബർ 18ന് സെൻസറിംഗിന് നൽകിയ ചിത്രത്തിന് 'യുഎ 16+' സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ചില മാറ്റങ്ങൾ വരുത്താൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചതായി കെവിഎൻ പ്രൊഡക്ഷൻസിന്‍റെ വെങ്കട്ട് നാരായണ അറിയിച്ചു. കോടതി നടപടികളും സെൻസർ ബോർഡുമായുള്ള ചർച്ചകളും തുടരുന്ന സാഹചര്യത്തിൽ പൊങ്കലിന് ചിത്രം എത്തുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. വിജയിയുടെ സിനിമയുമായി ബന്ധപ്പെട്ട ഈ വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ട്രെൻഡിംഗായി മാറിയിരിക്കുകയാണ്.


